
യുഎഇ: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം തെളിഞ്ഞത് മലയാളിക്ക്. എട്ട് കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 ബുധനാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ഡിയില്‍ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനം മലയാളിയെ തേടിയെത്തിയത്.
ഒരു മില്യണ്‍ യുഎസ് ഡോളറാണ് ഒന്നാം സമ്മാനം. ഇത് ഏകദേശം എട്ട് കോടി ഇന്ത്യന്‍ രൂപ വരും. മലയാളി പ്രവാസി പ്രദീപ് ചാലാടനാണ് ഒന്നാം സമ്മാനമായി എട്ട് കോടി രൂപ തേടിയെത്തിയിരിക്കുന്നത്. 55 കാരനായ പ്രദീപനെതിരെ ചാലാടന്‍ എടുത്ത 2747 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഓഗസ്റ്റ് എട്ടിനാണ് പ്രദീപ് ഓണ്‍ലൈനില്‍ ടിക്കറ്റെടുത്തത്.
ദുബായിലെ ആര്‍ക്കിടെക്ചര്‍ കണ്‍സല്‍ട്ടന്‍സിയില്‍ ഡോക്യുമെന്റ് കണ്‍ട്രോളറായി ജോലി ചെയ്യുകയാണ് പ്രദീപ് ചാലാടന്‍. ഇരുപത് വര്‍ഷമായി ദുബായില്‍ പ്രവാസിയായി കഴിയുന്ന പ്രദീപ് നാട്ടിലുള്ള സുഹൃത്തിനൊപ്പം ചേര്‍ന്നാണ് ടിക്കറ്റിനുള്ള പണം കണ്ടെത്തിയത്. തെക്കന്‍ കേരളത്തില്‍ നിന്നും ദുബായിലെത്തിയ പ്രദീപ് കഴിഞ്ഞ പത്ത് വര്‍ഷമായി ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നുണ്ട്.
ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി പറഞ്ഞ പ്രദീപ് തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമായെന്നും പ്രതികരിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ ഭാഗ്യ ദേവത കടാക്ഷിക്കുന്ന 256ാമത്തെ ഇന്ത്യക്കാരനാണ് പ്രദീപ്.
യുഎഇയിലെ പ്രധാന നറുക്കെടുപ്പുകളില്‍ ഒന്നാണ് ദുബായ് ഡ്യൂട്ടി ഫ്രീ നടത്തുന്ന മില്ലേനിയം മില്യണയര്‍ പ്രെമോഷന്‍. 1999ലാണ് ആദ്യമായി ആരംഭിച്ചത്. ഒരു മില്യണ്‍ യുഎസ് ഡോളറാണ് ഒന്നാം സമ്മാനം. 23 ആഴ്ചകളുടെ ഇടവേളകളിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒരു ടിക്കറ്റിന് 1000 ദിര്‍ഹമാണ് വില. ലോകത്ത് എവിടെ നിന്നും ആര്‍ക്കും ടിക്കറ്റ് എടുക്കാമെന്നതാണ് പ്രത്യേകത. പണത്തിനു പുറമേ ആഡംബര കാറുകള്‍, ബൈക്കുകള്‍ എന്നിവയും സമ്മാനമായി ലഭിക്കും.
25 വര്‍ഷത്തെ ചരിത്രത്തില്‍ പത്ത് ഭാഗ്യവാന്മാര്‍ക്ക് രണ്ട് തവണ ഒന്നാം സമ്മനം ലഭിച്ചിട്ടുണ്ട്.