
കൊച്ചി: മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ ഓസ്‌ട്രേലിയയിലെ ജൈവ സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള ചര്‍ച്ച സജീവമായിരിക്കുകയാണ്. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് മുല്ലപ്പൂവിന് നവ്യാ നായര്‍ക്ക് പിഴ ചുമത്തപ്പെട്ടത്. അറിയാം ഓസ്‌ട്രേലിയയുടെ ജൈവ സുരക്ഷാ നിയമങ്ങളെ കുറിച്ച്,
ഓസ്‌ട്രേലിയയിലെ ജൈവ സുരക്ഷാ നിയമങ്ങള്‍ വളരെ കർശനമാണ്. പക്ഷേ, മുല്ലപ്പൂ അടക്കമുള്ളവ കൊണ്ടു പോകുന്നത് നിയമവിരുദ്ധമല്ല, അതിന് കര്‍ശനമായ നിബന്ധനകളുണ്ട്. വിദേശത്തു നിന്ന് രോഗങ്ങളോ കീടങ്ങളോ രാജ്യത്ത് എത്തുന്നത് തടയുക എന്നതാണ് ഓസ്‌ട്രേലിയയിലെ ജൈവ സുരക്ഷാ നിയമങ്ങളുടെ ലക്ഷ്യം. പൂക്കളും ചെടികളും മാത്രമല്ല, മണ്ണ് വരെ ഈ നിയമത്തിന്റെ പരിധിയില്‍ വരും.
എന്തൊക്കെയാണ് നിയമത്തിന്റെ പരിധിയില്‍ വരുന്ന വസ്തുക്കള്‍?
ഓസ്‌ട്രേിലയയിലേക്ക് കൊണ്ടുപോകാന്‍ പാടില്ലാത്ത ചില വസ്തുക്കള്‍ ഇവയാണ്.
മിക്കവാറും എല്ലാതരം മാംസങ്ങളും മുട്ട, പാല്‍ ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയും വീട്ടിലുണ്ടാക്കിയ ഭക്ഷണം, ഉണങ്ങിയ മാംസം, ചിലതരം ചീസുകള്‍
മണ്ണ്, വിത്തുകള്‍, തൈകള്‍, മുളപ്പിച്ച ചെടികള്‍, ചിലതരം പൂക്കള്‍
അസംസ്‌കൃതമായ മൃഗ ഉത്പന്നങ്ങള്‍, ഉണക്കിയ മത്സ്യങ്ങള്‍, തൂവലുകള്‍, എല്ലുകള്‍, കക്കകള്‍, മൃഗങ്ങളുടെ തോലുകള്‍
തേനും, തേന്‍ അടങ്ങിയ മറ്റ് ഉത്പന്നങ്ങളും
ചിലതരം മരുന്നുകള്‍ക്കും കര്‍ശന നിയന്ത്രണങ്ങളുണ്ട്. (ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ കൊണ്ടുപോകാന്‍ പാടില്ല)
ആയുധങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍, വിഷവസ്തുക്കള്‍, കത്തികള്‍
പരമ്പരാഗത ചൈനീസ് മരുന്നുകള്‍, ആയുര്‍വേദ മരുന്നുകള്‍
നിശ്ചിത അളവില്‍ കൂടുതല്‍ സിഗരറ്റോ മദ്യമോ കൊണ്ടുപോകാന്‍ അനുവാദമില്ല
ഓസ്ട്രേലിയന്‍ ആദിവാസികളുടെ കലാപരമായ വസ്തുക്കള്‍, ചരിത്രപരമായ പ്രാധാന്യമുള്ള വസ്തുക്കള്‍ എന്നിവയ്ക്ക് പ്രത്യേക അനുമതി വേണം
മുല്ലപ്പൂ കൊണ്ടു പോകുന്നതിനു മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം:
എയര്‍പോര്‍ട്ടില്‍ വെച്ചു തന്നെ അധികൃതരെ അറിയിക്കണം. ഇതിനായി വിമാനത്തില്‍ നിന്നും ലഭിക്കുന്ന ഇന്‍കമിങ് പാസഞ്ചര്‍ കാര്‍ഡ് ഉപയോഗിക്കാം.
ഡിക്ലയര്‍ ചെയ്ത സാധനങ്ങള്‍ ബയോസെക്യൂരിറ്റി ഓഫീസര്‍മാര്‍ പരിശോധിച്ചതിനു ശേഷമേ കൊണ്ടുപോകാന്‍ അനുവദിക്കൂ. പൂക്കളില്‍ അണുബാധയോ കീടങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമേ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ പൂക്കള്‍ നശിപ്പിക്കുകയോ തിരികെ അയക്കുകയോ ചെയ്യും.
ഡിക്ലയര്‍ ചെയ്യാതെ മുല്ലപ്പൂ കൊണ്ടുപോയാല്‍ കനത്ത തുക പിഴയായി നല്‍കേണ്ടി വരും. കൂടുതല്‍ വിവരങ്ങള്‍ ഓസ്‌ട്രേലിയന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്‍ഡ് ഫോറസ്ട്രി വെബ്‌സൈറ്റുകളില്‍ ലഭിക്കും.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള പൂക്കള്‍ക്ക് ലളിതമായ നിയമങ്ങളാണെങ്കില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പൂക്കള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നിയമം സങ്കീര്‍ണമാകും. ഇറക്കുമതി പെര്‍മിറ്റുകളും, ഫൈറ്റോസാനിറ്ററി സര്‍ട്ടിഫിക്കറ്റുകളും ആവശ്യമാണ്.
എയര്‍പോര്‍ട്ടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
നിങ്ങള്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ ഏതെങ്കിലും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ടെങ്കിലും എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കാം.
എന്തെങ്കിലും പ്രത്യേക സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, അത് നിയമങ്ങളുടെ പരിധിയില്‍ വരുമോ എന്ന് നേരത്തെ തന്നെ ഉറപ്പുവരുത്തണം.