

മദ്യവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഇളവ് വരുത്താനൊരുങ്ങി സൗദി അറേബ്യ. 50,000 റിയാലോ അതിലധികമോ പ്രതിമാസ വരുമാനമുള്ള മുസ്ലീം ഇതര വിദേശികൾക്കാണ് മദ്യം വാങ്ങാൻ അനുമതി നൽകിയിട്ടുള്ളത്.
പക്ഷേ മദ്യം ലഭിക്കാൻ ചില നിബന്ധനകളും പാലിക്കണം. റിയാദിലുള്ള രാജ്യത്തെ ഏക മദ്യവിൽപ്പനശാലയിൽ പ്രവേശനം നേടാൻ ആദ്യം താമസക്കാർ ശമ്പള സർട്ടിഫിക്കറ്റ് കാണിച്ച് വരുമാനം തെളിയിക്കേണ്ടതുണ്ട്. വിദേശ നയതന്ത്രജ്ഞർക്കായി കഴിഞ്ഞ വർഷം തുറന്ന ഈ ഔട്ട്ലെറ്റ് അടുത്തിടെയാണ് പ്രീമിയം റെസിഡൻസി സ്റ്റാറ്റസ് ഉള്ള മുസ്ലീം ഇതര താമസക്കാർക്ക് പ്രവേശനം അനുവദിച്ചത്.
എന്നാൽ , ഈ മാറ്റങ്ങളെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. സർക്കാർ ഈ വിഷയത്തിൽ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. റിയാദ് ഔട്ട്‌ലെറ്റിലെ ഉപഭോക്താക്കൾക്ക് പ്രതിമാസ പോയിൻ്റ് അധിഷ്ഠിത അലവൻസ് സമ്പ്രദായം പ്രകാരം മദ്യം വാങ്ങാം.രാജ്യത്തെ മറ്റ് രണ്ട് നഗരങ്ങളിൽ പുതിയ മദ്യശാലകൾ നിർമിക്കുന്നതായി ബ്ലൂംബെർഗ് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
സാമൂഹിക നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും റിയാദിനെ ബിസിനസ്സിനും നിക്ഷേപത്തിനും കൂടുതൽ മത്സരാധിഷ്ഠിത കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് മദ്യം ലഭ്യമാകുന്നതിനുള്ള നിയമങ്ങളിൽ സൗദി സാവധാനത്തിലുള്ള ഇളവ് വരുത്തുന്നത്. വിദേശ പ്രതിഭകളെയും മൂലധനത്തെയും ആകർഷിക്കുന്നത് സാമ്പത്തിക പരിവർത്തനത്തിന് നിർണായകമാണെന്നും സൗദി കരുതുന്നു.
കഴിഞ്ഞ വർഷങ്ങളിൽ സാമൂഹിക മാറ്റങ്ങൾക്ക് പതിയെ വിധേയമായിക്കൊണ്ടിരിക്കുകയാണ് സൗദി. സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് പിൻവലിച്ചു, പൊതു വിനോദം, സംഗീതം, എന്നിവ അനുവദിച്ചു, വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിച്ചു. മാറ്റത്തിൻ്റെ ഈ വേഗത സൂചിപ്പിക്കുന്നത് ഇസ്ലാമിക രാജ്യത്തെ ആധുനികവൽക്കരിക്കേണ്ടത് ആവശ്യകതയാണെന്ന് സർക്കാർ മനസിലാക്കിയിരിക്കുന്നു എന്നതാണ്.