മസ്‌കറ്റ്: ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് പുറത്തിറക്കി ഒമാൻ. സർക്കാർ സേവനങ്ങൾ, ആനുകൂല്യങ്ങൾ, അവശ്യ താമസസൗകര്യങ്ങൾ എന്നിവ സുഗമമായി ലഭ്യമാക്കുന്നതിന് അഞ്ച് വർഷ കാലാവധിയുള്ള തിരിച്ചറിയൽ കാർഡാണ് ഒമാൻ സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയത്. അപേക്ഷകർ ഒമാനി പൗരന്മാരോ, ഒമാനി മാതാപിതാക്കൾക്ക് ജനിച്ച കുട്ടികളോ, ഒമാൻ സുൽത്താനേറ്റിലെ താമസക്കാരോ ആയിരിക്കണമെന്നും നിബന്ധന ഉണ്ട്.
കാർഡിന് അപേക്ഷിക്കുന്നവർ, അവരുടെ വൈകല്യത്തെ കൃത്യമായി കണ്ടെത്തുകയും, സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നേടുകയും ചെയ്യണം. അപേക്ഷകർക്കായി യോഗ്യത നിർണയിക്കുന്നതിന് രണ്ട് ഘട്ടങ്ങളിലായി പരിശോധന നടത്തും. ആരോഗ്യ മന്ത്രാലയം നടത്തുന്ന മെഡിക്കൽ അസസ്‌മെൻ്റും, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള സ്പെഷ്യലിസ്റ്റുകൾ നടത്തുന്ന ഫങ്ഷണൽ അസസ്‌മെൻ്റുമാണത്.
ശാരീരിക വൈകല്യം, കേൾവി വൈകല്യം, ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, മാനസിക വൈകല്യം, കാഴ്ച വൈകല്യം, ബുദ്ധിപരമായ വൈകല്യം, ഡൗൺ സിൻഡ്രോം എന്നിവ ഉള്ളവരെയാണ് ഭിന്നശേഷിക്കാരായി പരിഗണിക്കു എന്ന് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തു. ഇ-സർവീസ് പോർട്ടൽ (Eservices.mosd.gov.om) വഴിയോ ഏകീകൃത സർക്കാർ സേവന പോർട്ടൽ (www.gov.om) വഴിയോ തിരിച്ചറിയൽ അപേക്ഷകൾ സമർപ്പിക്കാം.