
നിങ്ങളുടെ കയ്യിൽ കീറിയ ദിർഹം ഉണ്ടെങ്കിൽ യുഎഇ സെൻട്രൽ ബാങ്കിൽ നിന്ന് നഷ്ടപരിഹാരം നേടാനാകും. കേടുവന്നതോ വികലമായതോ ആയ നോട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം എന്നതിനെക്കുറിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് സെൻട്രൽ ബാങ്ക് (CBUAE) വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങളാണ് സെൻട്രൽ ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്.
കേടായ നോട്ടിന്റെ ആധികാരികത പരിശോധിച്ചതിന് ശേഷം മാത്രമേ നഷ്ടപരിഹാരം അനുവദിക്കുകയുള്ളൂ എന്ന് സിബിയുഎഇ അറിയിച്ചു. നിങ്ങൾക്ക് ലഭിക്കുന്ന തുക യഥാർഥ നോട്ടിൽ എത്രത്തോളം അവശേഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും:
- മുഴുവൻ നഷ്ടപരിഹാരം: യഥാർഥ ബാങ്ക് നോട്ടിന്റെ മൂന്നിൽ രണ്ട് ഭാഗമോ അതിൽ കൂടുതലോ (അല്ലെങ്കിൽ സംയോജിത ഭാഗങ്ങൾ) കേടുകൂടാതെ ഉണ്ടെങ്കിൽ, ഉടമയ്ക്ക് പൂർണമൂല്യം ലഭിക്കും.
- പകുതി നഷ്ടപരിഹാരം: ബാങ്ക് നോട്ടിന്റെ മൂന്നിലൊന്നിൽ കൂടുതലും മൂന്നിൽ രണ്ട് ഭാഗത്തിൽ കുറവും അവശേഷിക്കുന്നുവെങ്കിൽ, നോട്ടിന്റെ പകുതി മൂല്യത്തിന് ഉടമയ്ക്ക് അർഹതയുണ്ടായിരിക്കും.
- നഷ്ടപരിഹാരം ഇല്ല: നോട്ടിന്റെ മൂന്നിലൊന്നോ അതിൽ കുറവോ ഭാഗം കേടുകൂടാതെയിരുന്നാൽ നഷ്ടപരിഹാരം നൽകില്ല.
ഈ നിയമങ്ങൾ സെൻട്രൽ ബാങ്ക് പുറപ്പെടുവിക്കുന്ന ബാങ്ക് നോട്ടുകൾക്ക് മാത്രമാണ് ബാധകമാകുക. നഷ്ടപരിഹാരം നൽകുന്നതിന് മുമ്പ് ഓരോ കേസിന്റെയും ആധികാരികതയും യോഗ്യതയും വ്യക്തിഗതമായി വിലയിരുത്തും.