
യുഎഇ: സാങ്കേതിക വിദ്യയില്‍ അതിവേഗം ബഹുദൂരം സഞ്ചരിക്കുകയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. പാസ്‌പോര്‍ട്ടോ യാത്രാ രേഖകളോ കാണിക്കാതെ തന്നെ യാത്രക്കാര്‍ക്ക് കടന്നു പോകാവുന്ന കോര്‍ഡിറിനു പിന്നാലെ പുതിയ സാങ്കേതികവിദ്യ കൂടി എത്തുകയാണ്.
ഇതുവരെ ലാപ്‌ടോപ്പുകളും ദ്രാവക രൂപത്തിലുള്ള വസ്തുക്കളും ബാഗില്‍ നിന്ന് പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നു. ഇനി ഇതൊന്നും പുറത്തെടുക്കാതെ തന്നെ ചെക്കിങ് പൂര്‍ത്തിയാക്കാം. അത്യാധുനിക സ്‌കാനറിലൂടെ ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് വസ്തുക്കള്‍, പെര്‍ഫ്യൂമുകള്‍, ക്രീമുകള്‍, 100 മില്ലിലിറ്ററില്‍ കൂടുതലുള്ള ദ്രാവകങ്ങള്‍ എന്നിവ പുറത്തെടുക്കാതെ തന്നെ പരിശോധന പൂര്‍ത്തിയാക്കാം.
ഇതിനായുള്ള ട്രയല്‍ ഇപ്പോള്‍ പുരോഗമിച്ചു വരികയാണ്. ഹോള്‍ഡ് ബാഗേജ് സ്‌ക്രീനിംഗിലും പാസഞ്ചര്‍ ബാഗേജ് സ്‌ക്രീനിംഗിലും ഇതിനകം തന്നെ പുതിയ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷണം വിജയകരമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സെക്കന്റുകള്‍ക്കുള്ളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം അടുത്തിടെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവതരിപ്പിച്ചത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പാസഞ്ചര്‍ കോറിഡോറിലൂടെ പാസ്പോര്‍ട്ടോ ബോര്‍ഡിങ് പാസോ ഇല്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഒരേസമയം പത്ത് യാത്രക്കാര്‍ക്ക് ഒന്നിച്ച് എഐ ഇടനാഴിയിലൂടെ കടന്നുപോകാം.