പൊതുജന സുരക്ഷയ്ക്കായി പുതിയ നിയമവുമായി ദുബായ് ഭരണാധികാരി

ജൂണ്‍ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും
പൊതുജന സുരക്ഷയ്ക്കായി പുതിയ നിയമവുമായി ദുബായ് ഭരണാധികാരി
Published on
Updated on

പൊതുസ്ഥലത്ത് സുരക്ഷ വര്‍ധിപ്പിക്കാനായി പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് ദുബായ് ഭരണകൂടം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ദുബായിലെ പൊതുസുരക്ഷ സംബന്ധിച്ച നിയമം പുറപ്പെടുവിച്ചത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിനും നഗരത്തിന്റെ സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും മുന്‍ഗണന നല്‍കിക്കൊണ്ടാണ് നിയമം. ജൂണ്‍ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

ദുബായിലെ സുരക്ഷാ സംവിധാനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, പരിക്കുകളും മരണനിരക്കും കുറയ്ക്കുക, ഉത്പന്നങ്ങളും സേവനങ്ങളും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

ആളുകള്‍ ഒത്തുചേരുന്ന വേദികളിലും പരിപാടികളിലും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംഘാടകര്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കണം. ഉപകരണങ്ങളുടെ ഗുണനിലവാരം, മതിയായ വെളിച്ചം, വായുസഞ്ചാരം, സുരക്ഷിതമായ പ്രവേശന-പുറത്തുകടക്കല്‍ കവാടങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പരിധിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നത് തടയുന്നതിനും ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

പൊതുജന സുരക്ഷയ്ക്കായി പുതിയ നിയമവുമായി ദുബായ് ഭരണാധികാരി
പശ്ചിമേഷ്യയിൽ യുദ്ധഭീതി; മലയാളി പ്രവാസികളെ എങ്ങനെ ബാധിക്കും?

അഗ്നിശമന ഉപകരണങ്ങള്‍, അലാറം സംവിധാനങ്ങള്‍, അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള പ്ലാനുകള്‍, പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍, പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവ നിര്‍ബന്ധമാണ്. ജനവാസമുള്ള കെട്ടിടങ്ങളിലെ അറ്റകുറ്റപ്പണികള്‍, പ്രത്യേകിച്ച് വൈദ്യുത ഉപകരണങ്ങളുമായി ബന്ധപ്പെട്ടവ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ചെയ്യാവൂ.

സ്വിമ്മിങ് പൂളുകളിലും ബീച്ചുകളിലും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓപ്പറേറ്റര്‍മാര്‍ നടപടികള്‍ സ്വീകരിക്കണം. കെട്ടിട ഉടമകള്‍ക്കും സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കുമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം.

താമസക്കാരും സന്ദര്‍ശകരും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അടിയന്തര ഘട്ടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ബാധ്യസ്ഥരാണ്. ബീച്ചുകളില്‍ അനുവദിക്കപ്പെട്ട സമയങ്ങളില്‍ മാത്രം ചെലവഴിക്കുകയും നിയന്ത്രിത മേഖലകളില്‍ പ്രവേശിക്കാതിരിക്കുകയും വേണം.

അനുമതിയില്ലാതെ സ്‌ഫോടകവസ്തുക്കള്‍, പടക്കങ്ങള്‍, വിഷാംശമുള്ളവ, എളുപ്പത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ എന്നിവ നിരോധിച്ചു. സാധാരണ മാലിന്യപ്പെട്ടികളില്‍ അപകടകരമായ വസ്തുക്കള്‍ നിക്ഷേപിക്കാനോ ഡ്രെയിനേജ് സംവിധാനങ്ങളില്‍ ഇടപെടാനോ പാടില്ല.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളിലും അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരിക്കണം. നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് 500 ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. ഒരു വര്‍ഷത്തിനുള്ളില്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 20 ലക്ഷം ദിര്‍ഹം വരെയായി വര്‍ധിക്കും.

ദുബായ് മുനിസിപ്പാലിറ്റിക്കും മറ്റ് അതോറിറ്റികള്‍ക്കും നിയമലംഘനങ്ങള്‍ രേഖപ്പെടുത്താനും ആവശ്യമെങ്കില്‍ പോലീസിന്റെ സഹായം തേടാനും അധികാരമുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com