

സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ പൗരന്മാർക്കെതിരെ പരിശോധന കർശനമാക്കി സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും. യാചകരായ 56,000 പേരെയാണ് ഇതുവരെ നാടുകടത്തിയത്. രാജ്യത്ത് എത്തിയ ശേഷം ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെടുന്നുവെന്ന ആശങ്ക ചൂണ്ടിക്കാട്ടി മിക്ക പാകിസ്ഥാൻ പൗരന്മാർക്കും യുഎഇ വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സംഘടിത ഭിക്ഷാടന സംഘങ്ങളെ തകർക്കാനും അനധികൃത കുടിയേറ്റം തടയുന്നതിൻ്റേയും ഭാഗമായി 2025 ൽ അധികൃതർ വിമാനത്താവളങ്ങളിൽ 66,154 യാത്രക്കാരെ പറഞ്ഞു വിട്ടിരുന്നു. ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി അറേബ്യ ഈ വർഷം മാത്രം നാടു കടത്തിയത് 24,000 പാകിസ്ഥാനികളെയാണ്. ദുബായ് ഏകദേശം 6,000 പേരെയും അസർബൈജാൻ ഏകദേശം 2,500 പാകിസ്ഥാനി യാചകരെയും ഈ കാലയളവിൽ നാടു കടത്തിയിട്ടുണ്ട്.
ഇത്തരം പ്രവൃത്തികൾ പാകിസ്ഥാൻ്റെ സൽപ്പേരിന് കോട്ടം വരുത്തുന്നതായി എഫ്‌ഐഎ ഡയറക്ടർ ജനറൽ റിഫാത്ത് മുഖ്താർ പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ ആഫ്രിക്കൻ യൂറോപ്യൻ രാജ്യങ്ങളിലേക്കും കംബോഡിയ, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള ടൂറിസ്റ്റ് വിസ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടും സമാനമായ കേസുകൾ കണ്ടെത്തിയിതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം തന്നെ ഈ വിഷയം സൗദി അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. 2024-ൽ, യാചകർ മക്കയിലേക്കും മദീനയിലേക്കും പോകാൻ ഉംറ വിസകൾ ഉപയോഗിക്കുന്നത് തടയാനും റിയാദ് പാകിസ്ഥാനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇത് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് പാകിസ്ഥാനിൽ നിന്നുള്ള ഉംറ, ഹജ്ജ് തീർഥാടകരെ ബാധിക്കുമെന്നും സൗദി അറേബ്യൻ മതകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.