
സൗദി അറേബ്യയില്‍ ഗൂഗിള്‍ പേ വരുന്നു. ഗൂഗിള്‍ തന്നെയാണ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗൂഗിള്‍ പേ വഴി ഇനി സൗദിയിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലൂടെ സുരക്ഷിതമായും എളുപ്പത്തിലും പണമിടപാടുകള്‍ നടത്താനാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.
സൗദി അറേബ്യയിലെ ദേശീയ പണമിടപാട് സംവിധാനമായ മദയിലൂടെയാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. വരും ആഴ്ചകളില്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാകുമെന്നും സൗദി അറിയിച്ചു.
റിയാദില്‍ നടന്ന മണി മിഡില്‍ ഈസ്റ്റ് കോണ്‍ഫറന്‍സില്‍ വെച്ചാണ് പ്രഖ്യാപനം. സൗദി സെന്‍ട്രല്‍ ബാങ്കും ഗൂഗിള്‍ അധികൃതരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. ഇതിലൂടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ ഷെയര്‍ വര്‍ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. സൗദിയിലെ ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലേക്ക മാറുന്നതിന്റെ ഭാഗം കൂടിയാണ് നടപടി.
അല്‍ രാജ്ഹി ബാങ്ക്, റിയാദ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലാണ് നിലവില്‍ ഗൂഗിള്‍ പേ ലഭിക്കുക. കൂടുതല്‍ ബാങ്കുകളിലേക്ക് സംവിധാനം പതുക്കെ മാറുമെന്നും ഗൂഗിള്‍ അറിയിച്ചു.