റിയാദ്: ഖാസിമിലെ അൽ റാസ് ജനറൽ ആശുപത്രിയിൽ മൃതദേഹം മാറി നൽകിയതായി പരാതി. മരിച്ചുപോയ മകളുടെ മൃതദേഹത്തിനായി ആശുപത്രിയിലെത്തിയ കുടുംബത്തിന് പുരുഷൻ്റെ മൃതദേഹമാണ് ലഭിച്ചത്. ഇതേത്തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകി. ഖാസിം മേഖലയിലെ അമീർ പ്രിൻസ് ഫൈസൽ ബിൻ മിഷാലിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ആശയക്കുഴപ്പം പരിശോധിച്ച് അതിൻ്റെ കണ്ടെത്തലുകൾ കാലതാമസമില്ലാതെ റിപ്പോർട്ട് ചെയ്യാൻ ഒരു പ്രത്യേക സമിതി രൂപീകരിക്കാൻ അമീർ നിർദേശം നൽകിയിട്ടുണ്ട്. രോഗികളുടെ അവകാശങ്ങളും കുടുംബങ്ങളുടെ അന്തസ്സും സംരക്ഷിക്കാനും, ഭരണ നടപടിക്രമങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള കൃത്യത പാലിക്കേണ്ടതിൻ്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. തെറ്റ് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനും അത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് അന്വേഷണം ലക്ഷ്യമിടുന്നതെന്നും അമീർ വ്യക്തമാക്കി.
ആശുപത്രി അധികൃതർ പെൺകുട്ടിയുടെ മൃതദേഹം മരിച്ച ഒരു യുവാവിൻ്റെ കുടുംബത്തിന് തെറ്റായി കൈമാറിയെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ മൃതദേഹം മാറിപ്പോയത് അറിയാതെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു. ഇതാണ് പരാതിക്ക് ഇടയാക്കിയ കാരണം.