

ഷാര്‍ജയിലെ വ്യവസായ, വാണിജ്യ, താമസ മേഖലകളില്‍ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തീപിടിത്തങ്ങള്‍ തടയുന്നതിനുമായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി പരിശോധന ശക്തമാക്കി.
വെയര്‍ഹൗസുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, വാണിജ്യ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫീല്‍ഡ് ഓപ്പറേഷന്റെ ഭാഗമായി മുന്‍കൂട്ടി തീരുമാനിച്ച പരിശോധനകള്‍ക്കൊപ്പം അപ്രതീക്ഷിതമായ പരിശോധനകളും നടത്തുന്നുണ്ട്.
ഈ കാംപയിനിന്റെ ഭാഗമായി അഗ്‌നി പ്രതിരോധ സംവിധാനങ്ങളും അലാറം സംവിധാനങ്ങളും വൈദ്യുതി സുരക്ഷയും തീപിടിക്കാവുന്ന വസ്തുക്കളുടെ സംഭരണ രീതികളും പ്രത്യേകമായി പരിശോധിക്കുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പുറമെ ബോധവത്കരണം ലക്ഷ്യമിട്ടും കാംപയിന്‍ നടത്തപ്പെടുകയാണെന്ന് അതോറിറ്റി അറിയിച്ചു.
ജോലി സ്ഥലങ്ങളിലെ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സുരക്ഷാ നടപടികള്‍ ചെയ്യാമെന്ന് തൊഴിലാളികള്‍ക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദേശം നല്‍കും.
'സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ തൊഴിലാളികളുടെയും സ്ഥാപന ഉടമസ്ഥരുടെയും മൊത്തം ആളുകളുടെയും നിരന്തരമായ പങ്കാളിത്തവും ബോധവല്‍ക്കരണവും ആവശ്യമാണ്,' ഡയറക്ടര്‍ ജനറല്‍ ഓഫ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി ബ്രിഗേഡിയര്‍ യൂസഫ് ഉബൈദ് ബിന്‍ ഹര്‍മൂല്‍ അല്‍ ഷംസി പറഞ്ഞു.
സുരക്ഷയിലും പ്രതിരോധത്തിലും ഒരു മാതൃകയാക്കാനാവുന്ന സിറ്റിയാക്കി മാറ്റുക എന്നതാണ് ക്യാംപയിനിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.