

ഷാർജ ഡെസേർട്ട് പൊലീസ് പാർക്കിൽ വാരാന്ത്യങ്ങളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. വെള്ളി, ശനി ദിവസങ്ങളിൽ ഷാർജയിലെ സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും ഇനി പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു.
ജനുവരി 5 വരെയാണ് താത്ക്കാലിക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. പാർക്കിലെ വർധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്താണ് പുതിയ നടപടി. എന്നാൽ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പാർക്കിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും. ശൈത്യകാലം ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായാണ് പുതിയ ക്രമീകരണം.
സുരക്ഷാ, സാമൂഹിക പരിപാടികൾക്കായുള്ള തിയേറ്റർ, പൈതൃക ഗ്രാമം, വിനോദ ഗ്രാമം തുടങ്ങിയ പൈതൃക പ്രമേയമുള്ള പ്രദേശങ്ങളും പാർക്കിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ തടവുകാർ പുനരുപയോഗ സാധനങ്ങളുപയോഗിച്ച് നിർമിച്ച പ്രാർഥനാ ഹാളും, റസ്റ്റോറൻ്റ് കോർണറും ഇതിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ രാത്രി 10 വരെയാണ് പാർക്ക് പ്രവർത്തിക്കുക.