

കഴിഞ്ഞ വര്‍ഷം മാത്രം യുഎഇ പൂട്ടിട്ടത് 230 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക്. ലൈസന്‍സില്ലാതെ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങള്‍ പ്രോത്സാഹിപ്പിച്ചതിനാണ് മാനവ വിഭവ ശേഷി വകുപ്പ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് മന്ത്രാലയം ബുധനാഴ്ച പറഞ്ഞു.
കൃത്യമായ ലൈസന്‍സില്ലാതെയും ഏതെങ്കിലും അംഗീകൃത റിക്രൂട്ടിങ്ങ് ഏജന്‍സികളുമായി ബന്ധമില്ലാതെയും പ്രവര്‍ത്തിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് പൂട്ടിച്ചത്. ഗാര്‍ഹിക തൊഴിലാളി നിയമങ്ങള്‍ക്കെതിരാണ് ഇത്തരം നടപടികളെന്നും ശ്രദ്ധയിപ്പെട്ടാല്‍ ഇതിന് നിയമ നടപടി സ്വീകരിക്കുമെന്നും കനത്ത ശിക്ഷകിട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ലൈസന്‍സില്ലാത്ത റിക്രൂട്ട്‌മെന്റ് നടപടികളുമായി പോവുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ നിയമപരമായ അവകാശങ്ങള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
യുഎഇയിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍ ഗുണനിലവാരവും സ്റ്റാന്‍ഡേര്‍ഡും പുലര്‍ത്തുന്നതും നിയമപരമായി പ്രവര്‍ത്തിക്കുന്നതുമാകണം. ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളതും കുടുംബങ്ങളുമായി സുരക്ഷിതവും ആരോഗ്യകരവുമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതുമായ പരിശീലനം ലഭിച്ചതും യോഗ്യതയുള്ളതുമായ തൊഴിലാളികള്‍ നല്‍കുന്ന സേവന പാക്കേജുകള്‍ക്കുള്ളില്‍ അംഗീകൃത വേതനത്തോടെ പ്രവര്‍ത്തിക്കാനും ബാധ്യസ്ഥരാണ്.
തൊഴിലുടമകളും യുഎഇയിലെ എമിറാത്തികളും യുഎഇയില്‍ താമസിക്കുന്ന കുടുംബങ്ങളും ലൈസന്‍സുള്ള ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളുമായി മാത്രമേ ഇടപാടുകള്‍ നടത്തുന്നുള്ളൂവെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിയമവിരുദ്ധ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങളും മറ്റും ശ്രദ്ധയില്‍പ്പെട്ടാല്‍ 600590000 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ വെബ്സൈറ്റില്‍ ലഭ്യമായ ലൈസന്‍സുള്ള ഓഫീസുകളുടെ പട്ടിക പരിശോധിക്കുകയോ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.