
യുഎഇയില്‍ ചൂട് കനക്കുന്നു. അല്‍ ഐനില്‍ ഇന്ന് ഉച്ചയ്ക്ക് രേഖപ്പെടുത്തിയത് 50.1 ഡിഗ്രി സെല്‍ഷ്യസ് ചൂടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അല്‍ ഐന്‍ പ്രദേശത്തെ സ്വീഹനില്‍ ഉച്ചയ്ക്ക് 12.30 നാണ് ചൂട് 50 ഡിഗ്രി രേഖപ്പെടുത്തിയത്. നേരത്തെ ജൂണ്‍ 9ന് രാജ്യത്തെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടായ 50.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു.
ചൂട് കനക്കുന്ന സാഹചര്യത്തില്‍ യുഎഇ നിവാസികളോട് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. കഠിനമായ ചൂടേല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. മുതിര്‍ന്നവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകിച്ചും അതീവ ശ്രദ്ധ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍ നിന്നോ കഠിനമായ ചൂട് ഏല്‍ക്കുന്നതില്‍ നിന്നോ മാറി നില്‍ക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ മാസം യുഎഇയില്‍ അനുഭവപ്പെട്ടത് കഴിഞ്ഞ രണ്ട് ദശകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ചൂടായിരുന്നു. 2003 ന് ശേഷം 2025 മെയ് 24നായിരുന്നു ഏറ്റവും ചൂടായ 51.6 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെട്ടത്. അതിന് ശേഷം 2009ലാണ് ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത്. 50.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു 2009ല്‍ അനുഭവപ്പെട്ട കൂടിയ ചൂടെന്നും ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ സൗദിയിലും ചൂട് കനക്കുന്ന സാഹചര്യത്തില്‍ മാനവ വിഭവശേഷി വകുപ്പ് മുന്‍കരുതലുകള്‍ പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുതെന്ന നിര്‍ദേശമാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ചത്.
പുതുക്കിയ നിര്‍ദേശം ജൂണ്‍ 15 മുതല്‍ നിലവില്‍ വരുകയും സെപ്തംബര്‍ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് ഈ നിയന്ത്രണം നടപ്പാക്കുന്നത്.