യുഎഇയിലെ ഇന്ത്യൻ പൗരൻമാർക്ക് സന്തോഷവാർത്ത. ഇനി മുതൽ വലിയ ബിസിനസ് നിക്ഷേപങ്ങളോ, വസ്‌തുവോ ഇല്ലാതെ തന്നെ ഇന്ത്യക്കാർക്കും യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാം. പരമ്പരാഗത നിക്ഷേപാധിഷ്ഠിത റെസിഡൻസി മോഡലിൽ നിന്ന് മാറി, പുതിയ നോമിനേഷൻ അധിഷ്ഠിത ഗോൾഡൻ വിസ അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. 1,00,000 ദിർഹം (ഏകദേശം 23.3 ലക്ഷം രൂപ) ഒറ്റത്തവണ അടയ്ക്കുകയാണെങ്കിൽ യോഗ്യരായ ഇന്ത്യക്കാർക്ക് യുഎഇയിൽ ആജീവനാന്ത റെസിഡൻസി സ്വന്തമാക്കാം. സ്വത്തിലോ ബിസിനസ്സിലോ നിക്ഷേപിക്കാതെ തന്നെ ഈ ഗോൾഡൻ വിസ ലഭിക്കും.
ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങളിലൂടെ മാത്രമായിരുന്നു ഇതുവരെ യുഎഇയിലെ ഇന്ത്യൻ പൗരൻമാർക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നത്. ഗോൾഡൻ വിസ സ്വന്തമാക്കണമെങ്കിൽ കുറഞ്ഞത് 2 ദശലക്ഷം ദിർഹം, അതായത് ഏകദേശം 4.66 കോടി രൂപയുടെ സ്വത്ത് ആവശ്യമായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിന് കീഴിൽ നോമിനേഷൻ വഴി ഗോൾഡൻ വിസ സ്വന്തമാക്കാം.
ഇന്ത്യയിലും ബംഗ്ലാദേശിലും നോമിനേഷൻ ഗോൾഡൻ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു. ആദ്യ മൂന്ന് മാസത്തിനുള്ളിൽ 5,000-ത്തിലധികം ഇന്ത്യൻ പൗരൻമാർ അപേക്ഷ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കൺസൾട്ടൻസി സ്ഥാപനമായ റയാദ് ഗ്രൂപ്പാണ് നോമിനേഷൻ അധിഷ്ഠിത ഗോൾഡൻ വിസയുടെ പരീക്ഷണാർത്ഥം പ്രവർത്തിക്കുന്നത്. ഇത് ഇന്ത്യക്കാർക്ക് ഒരു സുവർണ്ണാവസരമാണെന്ന് റയാദ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ റയാദ് കമാൽ അയൂബ് പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ പരിശോധനകൾ, ക്രിമിനൽ പശ്ചാത്തല പരിശോധന, സോഷ്യൽ മീഡിയ സ്ക്രീനിങ് എന്നിവ പരിശോധനാ പ്രക്രിയയിൽ ഉൾപ്പെടുന്നുവെന്ന് റയാദ് കമാൽ അയൂബ് വിശദീകരിക്കുന്നു. ഇന്ത്യയിലും ബംഗ്ലാദേശിലുടനീളമുള്ള VFS, വൺ വാസ്കോ സെന്ററുകളുമായി സഹകരിച്ചാണ് റയാദ് ഗ്രൂപ്പ് ഈ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. ഗ്രൂപ്പിന്റെ ഓൺലൈൻ പോർട്ടൽ, കോൾ സെന്റർ എന്നിവ വഴിയും അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷകരുടെ പ്രൊഫഷണൽ പശ്ചാത്തലവും സംസ്കാരം, വ്യാപാരം, സ്റ്റാർട്ടപ്പുകൾ, ധനകാര്യം തുടങ്ങി യുഎഇയ്ക്ക് നേട്ടങ്ങളുണ്ടാകാൻ സാധ്യതയുള്ള മേഖലകളിലെ സംഭാവനയും അടിസ്ഥാനമാക്കിയാകും അപേക്ഷ അംഗീകരിക്കുക. നാമനിർദേശത്തിലെ അന്തിമ തീരുമാനം യുഎഇ സർക്കാർ അധികാരികളുടേതാണ്.
മുൻപുള്ള പ്രോപ്പർട്ടി അധിഷ്ഠിത വിസ യുഎഇയിലെ വസ്തുക്കൾ വിൽക്കുകയാണെങ്കിൽ കാലഹരണപ്പെടുന്നതായിരുന്നു. എന്നാൽ നാമനിർദേശം അടിസ്ഥാനമാക്കിയുള്ള ഗോൾഡൻ വിസ സ്ഥിരമാണ്. അംഗീകൃത ഗോൾഡൻ വിസ ഉടമകൾക്ക് കുടുംബാംഗങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരാനും ജീവനക്കാരെ നിയമിക്കാനും ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കഴിയും.