
യുഎഇ: വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. ഇതു സംബന്ധിച്ചുള്ള ഉത്തരവും മന്ത്രാലയം പുറത്തിറക്കി. സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കിയാണ് ഉത്തരവ്.
വിദ്യാര്‍ഥികള്‍ മൊബൈല്‍ കൊണ്ടു വന്നിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതര്‍ പതിവായി പരിശോധനകള്‍ നടത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതേസമയം, പരിശോധനകള്‍ ചട്ടങ്ങള്‍ പാലിച്ചുള്ളതും വിദ്യാര്‍ഥികളുടെ സ്വകാര്യതയെ മാനിക്കുന്ന രീതിയിലുമായിരിക്കണം. വിദ്യാര്‍ഥികളെ ദേഹ പരിശോധനയ്ക്ക് വിധേയരാക്കരുത്. പരിശോധനയ്ക്ക് എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ അവരുടെ ബാഗുകള്‍ അടക്കമുള്ളവ അധ്യാപകരുടെ മുന്നില്‍ വെക്കണം.
സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ വെച്ച് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയും ഒരു മാസം ഫോണ്‍ പിടിച്ചുവെക്കുകയും ചെയ്യും. തെറ്റ് ആവര്‍ത്തിച്ചാല്‍ അധ്യനവര്‍ഷാവസാനം വരെ മൊബൈല്‍ തിരിച്ചു ലഭിക്കില്ല.
നിയമവിരുദ്ധമോ അധാര്‍മികമോ കുറ്റകരമോ ആയ രീതിയില്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ നടപ്പിലാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ഥിയില്‍ നിന്ന് മൊബൈല്‍ കണ്ടെത്തിയാല്‍ ഉടനെ രക്ഷിതാക്കളെ വിവരം അറിയിക്കണം. രക്ഷിതാക്കള്‍ നേരിട്ട് സ്‌കൂളില്‍ ഹാജരായി ഒപ്പിടേണ്ടി വരും.