'ബേബിഡോള്‍ ആർച്ചി' എന്ന എഐ തട്ടിപ്പ്; യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രമായി പ്രചരിപ്പിച്ച മുന്‍ കാമുകന്‍ പിടിയില്‍

റൊമാനിയൻ ഗായിക കേറ്റ് ലിന്നിന്റെ സ്പാനിഷ് ട്രാക്കിന് ലിപ് സിങ്ക് ചെയ്തുകൊണ്ടുള്ള റീലിലൂടെയാണ് 'ആർച്ചി'യുടെ തുടക്കം
ബേബിഡോള്‍ ആർച്ചി
ബേബിഡോള്‍ ആർച്ചിSource: Instagram
Published on

അസമില്‍ നിന്നുള്ള ഒരു സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സറാണ് കഴിഞ്ഞ കുറച്ചുകാലമായി വാർത്തകളില്‍ നിറയുന്നത്. അർച്ചിത ഫുകോൻ എന്ന 'ബേബിഡോള്‍ ആർച്ചി'. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ആർച്ചിയുടെ റീലുകള്‍ക്കുള്ളത്.

റൊമാനിയൻ ഗായിക കേറ്റ് ലിന്നിന്റെ 'ഡാം അൺ ഗിർ' എന്ന സ്പാനിഷ് ട്രാക്കിന് ലിപ് സിങ്ക് ചെയ്തുകൊണ്ടുള്ള റീലിലൂടെയാണ് 'ആർച്ചി'യുടെ തുടക്കം. ആ റീൽ ഏതാണ്ട് ഒറ്റരാത്രികൊണ്ട് വൈറലായി. താമസിയാതെ, 'ബേബിഡോൾ ആർച്ചി' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ എല്ലായിടത്തും പ്രചരിച്ചു. ആർച്ചിയുടെ റീലുകള്‍ ഫീഡുകൾ നിറഞ്ഞു. ഫോളോവേഴ്‌സിന്റെ എണ്ണം കുതിച്ചു കയറിയതോടെ അക്കൗണ്ടിന് നീല ടിക്കും ലഭിച്ചു.

എന്നാല്‍, അതിവേഗം 1.4 മില്യണ്‍ ഫോളോവേഴ്സിനെ നേടിയ ഈ ഇന്‍സ്റ്റഗ്രാം സെന്‍സേഷന്‍ ഒരു യഥാർഥ വ്യക്തിയല്ല. മറിച്ച് ഒരു യഥാർഥ സ്ത്രീയുടെ മോർഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് നിർമിച്ച എഐ വ്യക്തിത്വമാണ്. സ്രഷ്ടാവോ, ഈ സ്ത്രീയുടെ മുന്‍ കാമുകനും!

ബേബിഡോള്‍ ആർച്ചി
തോൽവിക്ക് പിന്നാലെ സെയ്ൻ്റ് ജെയിംസ് കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവുമായി സംവദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം - വീഡിയോ

അസമിലെ ദിബ്രുഗഡിൽ താമസിക്കുന്ന വിവാഹിതയായ ഒരു സ്ത്രീയുടെ ഫോട്ടോകളില്‍ നിന്നാണ് ആർച്ചിയുടെ എഐ ദൃശ്യങ്ങള്‍ സൃഷ്ടിച്ചത്. അസമിലെ ടിൻസുകിയയിൽ നിന്നുള്ള മെക്കാനിക്കൽ എഞ്ചിനീയറായ പ്രതിം ബോറയാണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചത്.

ഹരിയാനയിലാണ് പ്രതിം ബോറ പഠിച്ചത്. ഡൽഹി ആസ്ഥാനമായുള്ള ഒരു കമ്പനിയിലാണ് ജോലി. അസമിൽ നിന്ന് റിമോട്ടായാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ജൂലൈ 12ന് ഇയാളെ ദിബ്രുഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിഗത നേട്ടത്തിനായി ഡിജിറ്റൽ ഉള്ളടക്കം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സൈബർ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനെത്തുടർന്നായിരുന്നു നടപടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

2020 ഓഗസ്റ്റിലാണ് പ്രതിം ബോറ ഈ അക്കൗണ്ട് തുടങ്ങിയത്. രണ്ട് തവണ ഈ പ്രൊഫൈലിന്റെ പേര് മാറ്റി. അമീറ ഇഷ്താര എന്നായിരുന്നു അവസാന പേരുമാറ്റം. വൈറല്‍ റീലുകളിലൂടെയും 'ആക്ച്വല്‍ ഫാന്‍സ്' അക്കൗണ്ടിലൂടെയും അഞ്ച് ദിവസം കൊണ്ട് മൂന്ന് ലക്ഷം രൂപയാണ് ബോറ സമ്പാദിച്ചത്. എഐ നിർമിത അഡള്‍ട്ട് കണ്ടന്റുകളിലൂടെയാണ് അധികം പണവും സമ്പാദിച്ചത്.

'ബേബിഡോള്‍ ആർച്ചി' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനായി ഉപയോഗിച്ച ഫോണ്‍ നമ്പർ പ്രതീമിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ സൈബർ തട്ടിപ്പിന് ഇരയാക്കപ്പെട്ട സ്ത്രീയുമായി പ്രതിക്ക് മുന്‍പ് ബന്ധമുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞതായും പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com