
ഇംഗ്ലണ്ടിലെ സെയ്ൻ്റ് ജെയിംസ് കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ത്യൻ ടീമിൻ്റെ പരിശീലകൻ ഗൗതം ഗംഭീറും മുഴുവൻ ടീമംഗങ്ങളും കൂടെയുണ്ടായിരുന്നു. ബിസിസിഐയുടെ മുതിർന്ന ഭാരവാഹികളും കൂടെയുണ്ടായിരുന്നു.
ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലുമായും ബുംറയുമായും കുറേനേരം ചാൾസ് മൂന്നാമൻ രാജാവ് സംഭാഷണം നടത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീം ചാൾസ് മൂന്നാമനുമായി സംവദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ആതിഥേയരോട് ഇന്ത്യ പൊരുതിയാണ് തോൽവി സമ്മതിച്ചത്. രണ്ടാമിന്നിങ്സിൽ 192 റണ്‍സിൻ്റെ വിജയലക്ഷ്യമുയർത്തിയ ഇംഗ്ലണ്ടിനോട് 22 റണ്‍സിൻ്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 170 റണ്‍സിന് പുറത്തായ ഇന്ത്യക്കായി രവീന്ദ്ര ജഡേജയും വാലറ്റത്ത് ബുംറയും സിറാജും അവസാനം വരെ പൊരുതി നിന്നിരുന്നു.
193 റണ്‍സ് വിജയലക്ഷ്യം എളുപ്പത്തില്‍ മറികടക്കുമെന്ന പ്രതീക്ഷയിലായിരുന്ന ഇന്ത്യൻ ബാറ്റിങ് നിര അപ്രതീക്ഷിതമായ തകര്‍ച്ച നേരിട്ടു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്‌സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.