ബെംഗളൂരു: കൊച്ചി, ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ വീട് കണ്ടുപിടിക്കാൻ വളരെയധികം ബുദ്ധിമുട്ടുന്ന വിഭാഗമാണ് ബാച്ച്ലേഴ്സ്. വാടകയ്ക്ക് വീട് ലഭിച്ചാൽ പോലും പല തരത്തിലുമുള്ള നിയന്ത്രണങ്ങൾ ഉടമകൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. സ്വന്തം സുഹൃത്തുക്കളെ ഒരു ചായ കുടിക്കാൻ പോലും വീട്ടിൽ കയറ്റാൻ കഴിയാത്ത അവസ്ഥ വരെയുണ്ടാകാറുണ്ട്. അത്തരത്തിൽ ബെംഗളൂരുവിൽ നിന്നുണ്ടായ ദുരനഭുവം പങ്കുവച്ചിരിക്കുകയാണ് ഒരു റെഡിറ്റ് ഉപയോക്താവ്.
ബെംഗളൂരുവിലെ തൻ്റെ വീട്ടിൽ രണ്ട് പെൺകുട്ടികളെ രാത്രി താമസിപ്പിച്ചെന്ന പേരിൽ സൊസൈറ്റി അധികാരികൾ തനിക്കും ഫ്ലാറ്റ്‍മേറ്റിനും 5,000 രൂപ പിഴ ചുമത്തിയതായി റെഡിറ്റ് ഉപയോക്താവ് പറയുന്നു. തുക നൽകണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി അധികൃതർ നൽകിയ ഇൻവോയ്‌സിന്റെ സ്‌ക്രീൻഷോട്ടും ഇയാൾ പങ്കുവച്ചു. ഇത്തരം അന്യായവും നിയമവിരുദ്ധവുമായ നടപടിക്കെതിരെ അവർക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിക്കാൻ കഴിയുമോ എന്നാണ് യുവാവിൻ്റെ ചോദ്യം.
ബാച്ചലർമാർ ഫ്ലാറ്റിൽ അതിഥികളെ താമസിപ്പിക്കരുതെന്ന നിയമമുണ്ടായിരുന്നതിനാലാണ് ഇത്തരമൊരു പിഴ ചുമത്തിയതെന്ന് യുവാവ് പറയുന്നു. എന്നൽ ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് അത്തരം നിയന്ത്രണങ്ങളോ പിഴയോ ചുമത്തിയിട്ടില്ലെന്നും യുവാവ് പറയുന്നു.
"അടിസ്ഥാനപരമായി, നമ്മുടെ സമൂഹത്തിൽ ബാച്ചലർമാർക്ക് രാത്രിയിൽ അതിഥികളെ സത്കരിക്കാൻ അനുവാദമില്ല. എന്നാൽ കുടുംബമായാണ് കഴിയുന്നതെങ്കിൽ അതിന് ഒരു തടസവുമില്ല. ഞങ്ങൾ എല്ലാത്തിനും പണം നൽകേണ്ടി വരുന്നു," റെഡിറ്റ് ഉപയോക്താവ് പോസ്റ്റിൽ കുറിച്ചു. പോസ്റ്റിനൊപ്പം പങ്കുവച്ച ഇൻവോയിസിൻ്റെ സ്ക്രീൻഷോട്ടിൽ നിയമലംഘന തീയതിയും അവരുടെ വീട്ടിൽ രാത്രി താമസിച്ച പെൺകുട്ടികളുടെ എണ്ണവും പരാമർശിച്ചിട്ടുണ്ട്.
നിയമപരമായി പോരാടാമെങ്കിലും, പക്ഷേ ഇതിന് അവസാനമില്ലെന്നാണ് പോസ്റ്റിന് കീഴെ വന്ന കമൻ്റ്. ഒടുവിൽ വീട്ടുടമസ്ഥൻ നിങ്ങളോട് സ്ഥലം വിടാൻ ആവശ്യപ്പെടും. നമ്മുടെ രാജ്യത്തെ സാംസ്കാരിക പ്രശ്നമാണിത്. കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും കഴിയാതെ അത് മാറില്ലെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.