പൂനെ വിമാനത്താവളത്തിൽ വിമാനം വൈകുകയും, യാത്രക്കാർക്ക് കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ രോഷാകുലരായ യാത്രക്കാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോ രണ്ടാഴ്ച മുമ്പ് ഉള്ളതാണെങ്കിലും, വോക്ക് എമിനൻ്റ് എന്ന എക്സ് പോസ്റ്റിൽ വീഡിയോ വീണ്ടും പങ്കുവെച്ചതിൽ പിന്നാലെയാണ് വീഡിയോ വൈറലായത്.
സ്‌പൈസ് ജെറ്റ് യാത്രക്കാർക്കാർക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. സ്പൈസ് ജെറ്റ് യാത്രക്കാർ ഗ്രൗണ്ട് സ്റ്റാഫിനെ ശകാരിക്കുന്നതും ദീർഘനേരം വൈകിയിട്ടും സമയത്ത് എയർലൈൻ വിളമ്പിയ ഭക്ഷണം കഴിപ്പിക്കാൻ നിർബന്ധിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
യാത്രക്കാരിൽ ഒരാൾ "ഹം കുത്തേ ഹേ? യെ ഖാനാ തു ഖാ കേ ദിഖാ (നമ്മൾ നായ്ക്കളാണോ? ഈ ഭക്ഷണം നമ്മുടെ മുന്നിൽ വെച്ച് കഴിക്കൂ)" എന്ന് ചോദിക്കുന്നത് കേൾക്കാം. എന്നാൽ ഭക്ഷണത്തിന് നല്ല രുചിയാണെന്ന് സ്റ്റാഫ് പറഞ്ഞപ്പോൾ യാത്രക്കാർ കൂടുതൽ രോഷാകുലരാകുന്നതും ദൃശ്യങ്ങളിൽ കാണാം
എന്നാൽ യാത്രക്കാരുടെ അവകാശവാദങ്ങളെ എയർലൈൻ തള്ളിക്കളയുകയാണ് ഉണ്ടായത്. വീഡിയോയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന അവകാശവാദങ്ങൾ നിഷേധിക്കുന്നു. വിളമ്പിയ ഭക്ഷണം പുതിയതും നല്ല നിലവാരമുള്ളതുമായിരുന്നു. ഒന്നിലധികം എയർലൈനുകൾക്കും എയർപോർട്ട് ടെർമിനലിനും പാക്കേജുചെയ്ത ഭക്ഷണം വിതരണം ചെയ്യുന്ന ഒരു അംഗീകൃത വിൽപ്പനക്കാരനിൽ നിന്നാണ് ഭക്ഷണം വാങ്ങിയത് എന്ന് എയർലൈൻ്റെ പ്രസ്താവനയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.