
ജാര്‍ഖണ്ഡ്: രണ്ടാഴ്ച മുമ്പാണ് ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ ഒരു പൊലീസ് പൊലീസ് സ്റ്റേഷനില്‍ വിചിത്രമായ ഒരു പരാതിയുമായി നരേന്ദ്ര കുമാര്‍ ശുക്ല എന്നയാള്‍ എത്തുന്നത്. തന്റെ ആനയെ മോഷ്ടിച്ചെന്നും പാപ്പാനെയാണ് സംശയമെന്നുമായിരുന്നു പരാതി.
ജയമതി എന്ന് പേരുള്ള ആനയെ റാഞ്ചിയില്‍ നിന്നും ജൗന്‍പൂരിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ മോഷണം പോയെന്നായിരുന്നു നരേന്ദ്ര കുമാറിന്റെ പരാതി. ആന മോഷണത്തിനു പിന്നില്‍ പാപ്പാനാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
വിചിത്രമാണെങ്കിലും നരേന്ദ്ര കുമാറിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ പാരമ്പര്യത്തിന്റെ ഭാഗമായാണ് ആനയെ വളര്‍ത്തിയതെന്നും നഷ്ടപ്പെടാന്‍ പാടില്ലെന്നുമായിരുന്നു നരേന്ദ്ര കുമാര്‍ പറഞ്ഞത്. ഓഗസ്റ്റ് പകുതിയോടെയാണ് പലാമു ജില്ലയില്‍ വെച്ചാണ് ആനയേയും പാപ്പാനേയും കാണാതായത്.
പൊലീസ് അന്വേഷണത്തില്‍ പൊലീസ് ആനയെ കണ്ടെത്തി. പക്ഷെ, ആന സംസ്ഥാനം കടന്ന് ബിഹാറില്‍ എത്തിയിരുന്നു. അവിടെ മറ്റൊരാളുടെ ഉടമസ്ഥതയില്‍ കഴിയുകയായിരുന്നു ജയമതി. ബിഹാറിലെ ഛപ്രയിലുള്ള ഗോരഖ് സിങ്ങിന്റെ ഉടമസ്ഥതയിലായിരുന്നു ആന ഉണ്ടായിരുന്നത്.
പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ 27 ലക്ഷം രൂപ നല്‍കി താന്‍ വാങ്ങിയതാണെന്നായിരുന്നു ഗോരഖ് സിങ്ങിന്റെ മറുപടി. പാപ്പാന്‍ ആനയെ ഗോരഖ് സിങ്ങിന് വിറ്റതാകാം എന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാല്‍, കൂടുതല്‍ അന്വേഷണത്തില്‍ തെളിഞ്ഞത് മറ്റ് ചില കാര്യങ്ങളാണ്.
ആനയെ മോഷ്ടിച്ചെന്ന് പരാതി നല്‍കിയ നരേന്ദ്ര കുമാര്‍ ശുക്ല മാത്രമായിരുന്നില്ല ആനയുടെ ഉടമ. ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ കൂടി ചേര്‍ന്നാണ് ആനയെ വാങ്ങിയത്. നാല് പേര്‍ ചേര്‍ന്ന് 40 ലക്ഷം രൂപയ്ക്കാണ് ആനയെ വാങ്ങിയത്. എന്നാല്‍, സ്വന്തം ഉടമസ്ഥതയിലുള്ള ഒരു കോടി വിലയുള്ള ആനയെ മോഷ്ടിച്ചുവെന്നായിരുന്നു നരേന്ദ്ര കുമാറിന്റെ പരാതി.
നരേന്ദ്ര കുമാറുമായി അകന്ന മറ്റ് മൂന്ന് ആന ഉടമകള്‍ ചേര്‍ന്നാണ് ബിഹാറിലുള്ള ഗോരക് സിങ്ങിന് 27 ലക്ഷം രൂപയ്ക്ക് ആനയെ വിറ്റത്. അങ്ങനെ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഒരു ആന തർക്കം.
ആനയെ വാങ്ങിയത് കൃത്യമായ രേഖകളിലൂടെയാണെന്നാണ് ഗോരഖ് സിങ്ങിന്റെ വാദം. നിലവില്‍ ഗോരഖ് സിങ്ങിന്റെ കസ്റ്റഡിയിലുള്ള ജയമതിയെന്ന ആനയുടെ യഥാര്‍ത്ഥ ഉടമ ആരാണെന്ന് കണ്ടെത്താനാകാതെ കുഴങ്ങിയിരിക്കുകയാണ് പൊലീസ്. ഉടമകളെന്ന് അവകാശപ്പെടുന്ന അഞ്ച് പേരോടും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.
രേഖകള്‍ പരിശോധിച്ച് യഥാര്‍ത്ഥ ഉടമ ആരാണെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് ആനയെ കൈമാറാനാണ് പൊലീസിന്റെ തീരുമാനം.