

കേംബ്രിഡ്ജ്: ബ്രിട്ടീഷ് പൗരന്‍ ഒഴുക്കില്‍ ഹിന്ദി പറയുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. കേംബ്രിഡ്ജിലെ ഒരു ബോട്ടില്‍ യാത്ര ചെയ്യവെ ബോട്ട് തുഴയുന്ന ബ്രിട്ടീഷ് പൗരനാണ് ഹിന്ദിയില്‍ സംസാരിക്കുന്നത്.
ഇന്ത്യന്‍ വ്‌ളോഗറായ ജയ് ധോലാകിയ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ബ്രിട്ടീഷ് പൗരനുമായി ധൊലാകിയ സംസാരിക്കുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. എല്ലാവര്‍ക്കും നമസ്‌കാരം, എന്റെ പേര് ജോണി എന്നാണ്. നിങ്ങള്‍ സുഖമായിരിക്കുന്നോ എന്ന് ജോണി ഹിന്ദിയില്‍ ചോദിക്കുന്നുണ്ട്.
ഇത് കേട്ട് ഞെട്ടി ധൊലാക്യ ചോദിക്കുന്നത് നിങ്ങള്‍ക്ക് എങ്ങനെ ഹിന്ദി അറിയാം എന്നാണ്. സ്വയം പരിചയപ്പെടുത്തിയ യുവാവ് പറയുന്നത് താന്‍ കുറച്ചു കാലം ഇന്ത്യയില്‍ ഉണ്ടായിരുന്നെന്നും അങ്ങനെ ഹിന്ദി അറിയാമെന്നുമാണ്.
'ഞാന്‍ കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കുറച്ചൊക്കെ ഹിന്ദി അറിയാമായിരുന്നു. ആറ് വയസുവരെ ഞാന്‍ കൊല്‍ക്കത്തയില്‍ തന്നെയായിരുന്നു. അത് കഴിഞ്ഞ് ആറ് വര്‍ഷം ഡല്‍ഹിയിലും ഉണ്ടായിരുന്നു,' യുവാവ് മറുപടി പറഞ്ഞു.
പുസ്തകങ്ങളില്‍ നിന്നാണോ സിനിമയില്‍ നിന്നാണോ ഹിന്ദി പഠിച്ചതെന്ന് ധൊലാകിയ ചോദിക്കുമ്പോള്‍ സിനിമയില്‍ നിന്നാണെന്ന് ജോണി മറുപടി നല്‍കുന്നു. 'സിനിമയില്‍ നിന്നാണ്. ബോളിവുഡില്‍ നിന്നാണ്. ചെറുപ്പത്തില്‍ എനിക്ക് സല്‍മാന്‍ ഖാനെ ഏറെ ഇഷ്ടമായിരുന്നു,' എന്നും യുവാവ് പറഞ്ഞു.
'കേംബ്രിഡ്ജില്‍ വെച്ച് ഇന്ത്യയോട് ഒത്തിരി സ്‌നേഹമുള്ള, ഹിന്ദി സംസാരിക്കുന്ന ബ്രിട്ടീഷുകാരനെ കണ്ടു. ഇത് നിങ്ങളെ ഹൃദയം അലിയിക്കും. കൊല്‍ക്കത്തയില്‍ ജനിച്ച എന്റെ സുഹൃത്ത് ജോണി, അതിര്‍ത്തിക്കപ്പുറമുള്ള സ്വന്തം കഥ, സംസ്‌കാരം, ഇഷ്ടം അങ്ങനെ എല്ലാം പങ്കുവെക്കുന്നു,' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയ ഈ വീഡിയോ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. പലരും ജോണിയോടും ധൊലാകിയയോടുമുള്ള സ്‌നേഹം അറിയിച്ച് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. ചിലര്‍ ഇത് എഐ അല്ലല്ലോ അല്ലേ എന്ന് ചോദിച്ച് അത്ഭുതപ്പെടുന്നുമുണ്ട്.