ലോകമെമ്പാടും മില്യൺ കണക്കിന് വരിക്കാരുള്ള ഫാഷൻ മാസികയാണ് വോഗ്. കോണ്ടെ നാസ്റ്റ് പ്രകാരം, വോഗിന് ലോകമെമ്പാടുമായി 268 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. എന്നാൽ, ഫോട്ടോഗ്രാഫർമാരുടെയും മോഡലുകളുടെയും എക്കാലത്തെയും ദുസ്വപന്ങ്ങളിലൊന്നാണ് ഇത്തവണത്തെ ലോകപ്രശസ്ത ഫാഷൻ മാസികയായ വോഗ് പുറത്തിറങ്ങിയതോടെ യാഥാർഥ്യമായിരിക്കുന്നത്. വോഗ് മാസികയിൽ ഇക്കുറി ഇടംപിടിച്ചിരിക്കുന്ന എഐ നിർമിത മോഡലുകളുടെ ചിത്രമാണ് അവ.
വോഗിൻ്റെ ഓഗസ്റ്റ് മാസത്തെ പതിപ്പിലാണ് രണ്ട് പേജുകളിലായി ഗസിൻ്റെ പരസ്യം പ്രത്യക്ഷപ്പെട്ടത്. അതിൽ രണ്ട് ചിത്രങ്ങളാണുള്ളത്. അതിലൊന്നിൽ ഇളംനീല റോമ്പർ വസ്ത്രം ധരിച്ച് മേശയ്ക്കരികിൽ ഇരിക്കുന്ന മോഡലിനെ കാണാം. മറ്റൊരു പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ കറുപ്പും വെള്ളയും വസ്ത്രം ധരിച്ച് കയ്യിലൊരു ഹാൻഡ്ബാഗുമായ പ്രത്യക്ഷപ്പെട്ട മറ്റൊരു മോഡലിനെയും കാണാം. എന്നാൽ, സാധാരണ രീതിയിൽ വോഗ് മാസികകളിൽ കാണാറുള്ള മോഡലുകളിൽ നിന്ന് ഇത് വ്യത്യസ്തമായത് അതിനടുത്ത് പ്രിൻ്റ് ചെയ്ത ഒരു വാചകം കൊണ്ടായിരുന്നു. നിർമിത ബുദ്ധി ഉപയോഗിച്ച് സെറാഫിൻ വല്ലോറ നിർമിച്ചത് എന്നായിരുന്നു ആ ഒരൊറ്റ വരി.
എഐ മോഡലുകൾ പ്രത്യക്ഷപ്പെട്ടതോടെ വലിയ ചർച്ചയ്ക്കാണ് ഇത്തവണത്തെ വോഗ് മാഗസിൻ തിരികൊളുത്തിയിരിക്കുന്നത്. ലോകപ്രശസ്തമായ വോഗ് പോലൊരു മാസികയിൽ എഐ മോഡലുകളെ അംഗീകരിക്കാനാകില്ലെന്നാണ് ഒരു പക്ഷം നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. "വളരെ കുട്ടിക്കാലം മുതൽ തന്നെ വോഗിലെ മോഡലാകുക എന്നത് പലരുടെയും സ്വപനമാണ്. കഴിവുള്ള മോഡലുകൾ ഉള്ളപ്പോൾ എഐ മോഡലുകളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ല," എന്നാണ് ചിലരുടെ അഭിപ്രായം. ഇത് വോഗ് മാസികയുടെ പതനത്തെയാണ് കാണിക്കുന്നതെന്നും, വോഗ് സബ്സ്ക്രിപ്ഷൻ നിർത്താൻ പോകുകയാണെന്നും ചിലർ പറയുന്നു. വോഗ് ബഹിഷ്കരിക്കുക എന്ന ഹാഷ്ടാഗും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാൽ, മാസികയ്ക്ക് പിന്തുണയുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഫാഷനിലെ എഐക്ക് നിഷേധിക്കാനാവാത്ത ഗുണങ്ങളുണ്ടെന്നാണ് അവരുടെ പക്ഷം.