

ദളപതി വിജയിയെ നേരില്‍ കാണണമെന്ന ഒരൊറ്റ ലക്ഷ്യവുമായി പട്ടാമ്പിയില്‍ നിന്നും ചെന്നൈയിലേക്ക് കാല്‍നട യാത്രയുമായി യുവ ദമ്പതികള്‍. ഡ്രൈവറായ കെ. എസ്. മുഹമ്മദ് റാഫിയും ഭാര്യ ഷഹനമോളും ചേര്‍ന്നാണ് ചെന്നൈയിലേക്കു നടക്കുന്നത്. കടുത്ത വിജയ് ആരാധകരായ ഇരുവരും തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായുള്ള യാത്രയിലാണ്.
ഇരുവര്‍ക്കും ഒരൊറ്റ ലക്ഷ്യമേയുള്ളൂ. ദളപതി വിജയ് അണ്ണനെ കാണണം. അതിനായി താനൂരില്‍ നിന്ന് ചെന്നൈയിലേക്ക് കാല്‍നടയാത്ര ആരംഭിച്ചിരിക്കുകയാണ് യുവ ദമ്പതികള്‍. സിനിമകളിലൂടെ വിജയ് അവതരിപ്പിച്ച കഥാപാത്രങ്ങളെ അത്രയേറെ ഇഷ്ടമാണ് ഇവര്‍ക്ക്. അന്നുമുതല്‍ കടുത്ത ആരാധനയാണ്. നേരില്‍ കാണാനുള്ള ആഗ്രഹം പണ്ടേയുണ്ട്. തമിഴ്‌നാട്ടില്‍ വിജയ് പാര്‍ട്ടിയുണ്ടാക്കി മത്സരിച്ച് ജയിക്കുകയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയും ചെയ്തതോടെയാണ് ചെന്നൈയിലെത്തി വിജയിയെ കാണാന്‍ തീരുമാനിച്ചത്.
മെയ് 6ന് ഉച്ചയ്ക്ക് ഷഹാനയുടെ നാടായ താനൂരില്‍ നിന്നും കാല്‍നടയായി യാത്ര തിരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് പട്ടാമ്പിയിലെത്തിയത്. ഉച്ച സമയങ്ങളില്‍ വിശ്രമിച്ചും രാത്രി എത്തുന്നിടത്ത് ടെന്റില്‍ താമസിച്ചുമാണ് ഇവരുടെ യാത്ര.
പാലക്കാട് വഴിയാണ് തമിഴ്‌നാട്ടിലേക്കു കടക്കുന്നത്. ചെന്നൈയിലെത്തിയാല്‍ എങ്ങനെ വിജയ്‍യെ കാണുമെന്നൊന്നും ഇവര്‍ക്ക് അറിയില്ല. ആദ്യം ചെന്നൈയിലെത്തുക. പിന്നെ പതിയെ അതിനുള്ള വഴി ഒരുങ്ങുമെന്നാണ് ഇവരുടെ വിശ്വാസം. മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുമ്പോഴേക്കും ചെന്നൈയില്‍ എത്താനാകുമെന്നാണ് കരുതുന്നത്. കോട്ടയം സ്വദേശിയായ മുഹമ്മദ് റാഫി ഷഹനമോളെ വിവാഹം ചെയ്തതിനു ശേഷം താനൂരില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.