"എത്ര മനോഹരമായ യാദൃച്ഛികത്വം !"; മോഹൻലാലിൻ്റെ വൈറൽ പരസ്യചിത്രവും തൻ്റെ എഐ വീഡിയോയും തമ്മിലുള്ള സാമ്യത പങ്കുവെച്ച് സംവിധായിക

എന്നാൽ ശ്രുതിയുടെ എഐ വീഡിയോയും മോഹൻലാലിൻ്റെ പരസ്യചിത്രവും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്
shruthi sharanyam FB Post
സംവിധായികയുടെ എഫ്ബി പോസ്റ്റ്, ശ്രുതി ശരണ്യംSource: facebook/ Shruthi Sharanyam
Published on

മോഹൻലാൽ അഭിനയിച്ച വിൻസ്‌മേര ജൂവലേഴ്‌സിന്റെ പരസ്യചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻലാൽ ആഭരണങ്ങളണിഞ്ഞ് സ്ത്രൈണ ഭാവത്തിലെത്തുന്ന പരസ്യചിത്രം ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. അതിനിടെ പ്രകാശ് വർമയുടെ പരസ്യചിത്രവുമായി സാദൃശ്യമുള്ള എഐ വീഡിയോയുടെ താൻ നിർമിച്ചിരുന്നെന്ന സന്തോഷം പങ്കുവെക്കുകയാണ് സംവിധായിക ശ്രുതി ശരണ്യം.

"എത്ര മനോഹരമായ യാദൃശ്ചികത. കഴിഞ്ഞ മാസം എഐയിൽ ഒരു കുഞ്ഞു പരസ്യം ചെയ്തിരുന്നു. സമാനതകൾ കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യൂ," ഇങ്ങനെയാണ് ശ്രുതി ഫേസ്ബുക്കിൽ കുറിച്ചത്. ജെൻഡർ ഫ്ലൂയിഡ് ആശയത്തിൽ സംവിധായിക അടുത്തിടെ നിർമിച്ച എഐ വീഡിയോയാണ് പോസ്റ്റിന് ആധാരം. തൻ്റെ ജെൻഡർ ഫ്ലൂയിഡ് വീഡിയോക്ക് സ്വീകര്യത ലഭിച്ചില്ലെന്നും സംവിധായിക പോസ്റ്റിൽ പറയുന്നുണ്ട്.

കാമാഖ്യസാരീസ് എന്ന ബ്രാൻഡിനായാണ് ശ്രുതി നിർമിച്ച എഐ ഉപയോഗിച്ച് 15 സെക്കൻ്റ് വീഡിയോ നിർമിച്ചത്. വീഡിയോയിൽ ഒരു യുവാവ് സാരി ഉടുക്കുന്നതായും ആഭരണങ്ങൾ അണിയുന്നതായും കാണാം.

shruthi sharanyam FB Post
'ഈ ഭാവം അതിമനോഹരം'; ആഭരണങ്ങൾ അണിഞ്ഞ്, സ്ത്രൈണ ഭാവത്തിൽ മോഹൻലാൽ; സോഷ്യൽ മീഡിയയിൽ തരംഗമായി പരസ്യചിത്രം

"ഒരു മാസം മുമ്പ് ഞാനും എഐയിൽ ഇതുപോലൊരു ഒരു പരസ്യം ചെയ്തിരുന്നു. ഒരു ബൊട്ടീക്കിന് വേണ്ടി, 16 സെക്കൻഡിൽ താഴെയുള്ള ഒരു പരസ്യമായിരുന്നു അത്. ഇന്നലെ ലാൽ സാറിന്റെ പരസ്യം കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. കാരണം ഞാൻ ചെയ്ത പരസ്യത്തിലും സമാനമായ സന്ദർഭമായിരുന്നു," ശ്രുതി ന്യൂസ് മലയാളത്തോട് പറഞ്ഞു. ജെൻഡർ ഫ്ലൂയിഡ് വീഡിയോകൾ ചെയ്യാൻ മോഹൻലാലിനെ പോലുള്ളവർ മുന്നോട്ട് വരുന്നത് വളരെ സ്വാഗതാർഹമാണെന്നും ശ്രുതി പറയുന്നു.

എന്നാൽ ശ്രുതിയുടെ എഐ വീഡിയോയും മോഹൻലാലിൻ്റെ പരസ്യചിത്രവും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ലെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. എഐ വീഡിയോ വളരെ യാന്ത്രികമാണെന്നും വിമർശനമുണ്ട്. താൻ യാതൊരു വിധ പ്രീമിയം ടൂളുകളും ഇല്ലാതെ നിർമിച്ച എഐ വീഡിയോ ആണ് അതെന്നുമാണ് വിമർശകർക്കുള്ള ശ്രുതിയുടെ മറുപടി.

മോഹൻലാലിന്റെ അഭിനയമികവിലാണ് പ്രകാശ് വർമ സംവിധാനം ചെയ്ത വിൻസ്മേര പരസ്യം ശ്രദ്ധിക്കപ്പെട്ടത്. ആഭരണങ്ങളണിഞ്ഞ് സ്ത്രൈണ ഭാവത്തിലാണ് മോഹൻലാൽ പരസ്യചിത്രത്തിലെത്തുന്നത്. പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നുമുണ്ട്.

ഭാവമാറ്റത്തിന്റെ നവ്യാനുഭവമാണ് വിൻസ്മേര ജുവലേഴ്സിൻ്റെ പരസ്യചിത്രം പകരുന്നത്. ഇത് മോഹൻലാൽ ആരാധകർ ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗമായി. പങ്കുവെച്ച് 24 മണിക്കൂർ തികയും മുൻപേ 10 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com