എത്ര വലിയ കൊമ്പനാണെന്ന് പറഞ്ഞാലും ചില പേടികൾ പെട്ടെന്ന് മാറില്ല അല്ലേ? അങ്ങനെയൊരു കുട്ടിയാനയുടെ തവളപ്പേടിയുടെ വീഡിയോയാണ് ഇൻ്റർനെറ്റിൽ വൈറലാവുന്നത്. ആർഭാടമായുള്ള കുളിക്കിടെ തവളയെ കണ്ടതോടെ പേടിച്ച് പരുങ്ങുന്ന കുട്ടിയാനയാണ് ദൃശ്യങ്ങളിലുള്ളത്.
രാജമണി മെമ്മറീസ് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവാണ് രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ കുഞ്ഞനാന ആസ്വദിച്ച് കുളിക്കുകയാണ്. കുട്ടിയാന നീരാട്ടിൻ്റെ സന്തോഷത്തിൽ ചുറ്റിത്തിരിയുന്നതായും, തുമ്പിക്കൈ ഉയർത്തുന്നതായും കാണാം. പെട്ടെന്നാണ് ആനയ്ക്ക് കമ്പനി കൊടുക്കാൻ കുഞ്ഞൻ തവളയും സ്ക്രീനിൽ എത്തിയത്.
ഇതോടെ ആന ആകെ പരുങ്ങുന്നതായി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ആന ശ്രദ്ധാപൂർവം പിന്നോട്ട് മാറുകയാണ്. ഭയമല്ല, തവളയെ രക്ഷിക്കാനുള്ള ആനയുടെ ബോധമാണ് അവിടെ എടുത്തുകാണുന്നത്.
തവളയെ കണ്ടതോടെ അവൾ പേടിച്ചുമാറി എന്ന തലക്കെട്ടോടെയാണ് വീഡിയോ ഉപയോക്താവ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇൻ്റർനെറ്റിൽ കത്തികയറുകയാണ്. 1 മില്ല്യൺ ആളുകൾ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു. കുട്ടിയാനയ്ക്ക് ഭയമല്ല സഹാനുഭൂതിയാണെന്നാണ് ഉപയോക്താക്കൾ കമൻ്റ് ബോക്സിൽ പറയുന്നത്.
"അവർ ഭയപ്പെടുന്നില്ല, മറ്റ് ജീവികളോട് അവർ അങ്ങേയറ്റം സഹാനുഭൂതിയുള്ളവരാണ്," ഒരു ഉപയോക്താവ് കുറിച്ചു. "അവൾക്ക് ഭയമില്ലായിരുന്നു, എന്നാൽ തവളയെ ഉപദ്രവിക്കരുതെന്നതിൽ ശ്രദ്ധാലുവായിരുന്നു," മറ്റൊരു ഉപയോക്താവും സമാന അഭിപ്രായം പങ്കുവെച്ചു.
ഇതാദ്യമയല്ല ആനകുട്ടികളുടെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലാവുന്നത്. നേരത്തെ വഴിയരികിലെ പച്ചക്കറി വണ്ടിയിൽ നിന്നും കക്കരിയെടുക്കുന്ന കുഞ്ഞൻ ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഉപയോക്താക്കളുടെ ഹൃദയം കവർന്നിരുന്നു.