

പൂനെ: പുതുതായി വാങ്ങിയ മഹീന്ദ്ര ഥാറിന് ആവര്‍ത്തിച്ചുണ്ടാകുന്ന തകരാര്‍ കാരണം മടുത്ത് യുവാവിന്റെ വേറിട്ട പ്രതിഷേധം. കാര്‍ വാങ്ങിയ ഷോറൂമിലേക്ക് കഴുതകളെ കൊണ്ട് വലിപ്പിച്ചെത്തിയായിരുന്നു യുവാവിന്റെ പ്രതിഷേധം. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.
രണ്ട് കഴുതകള്‍ ഥാര്‍ വലിച്ചു കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പൂനെയിലെ ജുന്നാര്‍ സ്വദേശിയായ ഗണേഷ് സാംഗ്‌ഡേ മാസങ്ങള്‍ക്കു മുമ്പാണ് മഹീന്ദ്ര ഥാര്‍ വാങ്ങിയത്. വാങ്ങിയ അന്നു മുതല്‍ കാറിന് പ്രശ്‌നങ്ങളാണെന്ന് ഗണേഷ് പറയുന്നു. ചോര്‍ച്ചയും എഞ്ചിനില്‍ നിന്നുള്ള ശബ്ദവും കാരണം നിരവധി തവണ റിപ്പയറിങ്ങിനു കൊണ്ടുപോയി.
നിരവധി തവണ പരാതി നല്‍കിയിട്ടും തകരാറുകള്‍ പരിഹരിക്കപ്പെട്ടില്ല. ഇതോടെ മടുത്താണ് കഴുതകളെ കൊണ്ട് വലിച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. പൂനെയിലെ വക്കാഡിലുള്ള സഹ്യാദ്രി മോട്ടാര്‍സില്‍ നിന്നാണ് ഗണേഷ് കാര്‍ വാങ്ങിയത്. ഇവിടേക്കാണ് കഴുതകളെ കൊണ്ട് വലിപ്പിച്ച് കാര്‍ എത്തിച്ചത്.