

കാത്തിരിപ്പിനൊടുവിൽ ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിലെത്തുകയാണ്. ഡിസംബർ 13 ശനിയാഴ്ച രാവിലെ 10:30ന് മെസി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തും. ഇതിഹാസതാരത്തെ നേരിട്ട് കാണാൻ ആവേശത്തോടെ മിനിറ്റുകളെണ്ണി കാത്തിരിക്കുകയാണ് ഫുട്‌ബോൾ ആരാധകർ. എന്നാൽ താരത്തെ മുഖാമുഖം കാണാൻ ആഗ്രഹിക്കുന്നവർക്ക്, ഇത്തിരിയധികം പണം മുടക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മെസിയോടൊപ്പം ഫോട്ടോയെടുക്കാൻ 9.95 ലക്ഷം രൂപ ചിലവ് വരുമെന്നാണ് ഗോട്ട് ഇന്ത്യ ടൂറിന്റെ സംഘാടകർ അറിയിച്ചിരിക്കുന്നത്. ഇതിനൊപ്പം ജിഎസ്‌ടി തുക വേറെയും നൽകേണ്ടി വരും. പ്രീമിയം സൗകര്യത്തിനായി 100 സ്ലോട്ടുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ആഡംബരപൂർണമായ ഫലക്‌നുമ പാലസിൽ വെച്ചാണ് 'മീറ്റ് ആൻഡ് ഗ്രീറ്റ്' നടക്കുന്നത്. ഡിസ്ട്രിക്റ്റ് ആപ്പിൽ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
10 ലക്ഷത്തോളം മുടക്കിയുള്ള ഈ 'കൂടിക്കാഴ്ച' സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ചിലർ ട്രോളുകൾ പങ്കുവക്കുമ്പോൾ, മെസിയെ അടുത്ത് കാണാൻ കഴിയില്ലെന്ന നിരാശയാണ് മറ്റുള്ളവർക്ക്. 10 ലക്ഷം മുടക്കാൻ ഇല്ല, എന്നാൽ എഐ ഉപയോഗിച്ച് ഫോട്ടോ നിർമിച്ച് തൃപ്തിയടയണമെന്നാണ് ആരാധകരുടെ പക്ഷം. ടിക്കറ്റിന് ഇത്രയധികം വില ഈടാക്കുന്നതിൻ്റെ നിരാശയും ചിലർ പ്രകടിപ്പിച്ചു.
"പണം ഇല്ലെങ്കിലും നിങ്ങൾക്ക് മൂന്ന് ബദൽ മാർഗങ്ങളുണ്ട്. 1. മെസിക്കൊപ്പം ഒരു നല്ല സെൽഫി എടുക്കാൻ നാനോ ബനാന പ്രോയോട് ആവശ്യപ്പെടുക. ചെലവൊന്നുമില്ല.
2. അർജന്റീനയിലേക്ക് പോകുക. ഒരു ഫോട്ടോ എടുത്ത് തിരികെ വരിക. ഇതിന് ടിക്കറ്റ് തുകയുടെ പകുതിയോളം ചിലവാകും.
3. റൊണാൾഡോയ്ക്കായി കാത്തിരിക്കുക. അദ്ദേഹത്തോടൊപ്പം ഒരു സെൽഫി എടുക്കാൻ ഈ പണം ചെലവഴിക്കുക," ഒരു ഉപയോക്താവ് കമൻ്റ് ബോക്സിൽ കുറിച്ചു. "ഈ ചെലവിൽ അർജന്റീനയിലേക്ക് പറന്ന് സെൽഫിക്ക് പകരം ഒരു ഫോട്ടോ എടുക്കും,"മറ്റൊരു ഉപയോക്താവ് കുറിച്ചു. ജെമിനി ഇത് സൗജന്യമായി ചെയ്ത് തരുമെന്നാണ് മറ്റൊരു കമൻ്റ്.