കസാഖിസ്ഥാൻ: അൽമാട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർ ഒരു ഭയാനകമായ നിമിഷത്തിന് സാക്ഷിയാവുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിമാനത്താവളത്തിൽ ഒരാൾ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചതിൻ്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഓഗസ്റ്റ് 25ന് വൈകീട്ടാണ് തനിക്ക് വീട്ടിലേക്ക് പോകാനുള്ള അവസാന ട്രെയിനും കിട്ടിയില്ലെന്നും, അതിനാൽ ഫ്ലൈറ്റിൽ പോകണമെന്നും അപേക്ഷിച്ചുകൊണ്ട് യുവാവ് അൽമാട്ടി വിമാനത്താവളത്തിൽ എത്തിയതെന്ന് തെങ്ക്രിൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിലെ ട്രാവൽ ഏജൻസി ഓഫീസിലെത്തിയ ആൾ തനിക്ക് ഭാര്യയെ വിളിക്കാൻ ഫോൺ നൽകണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഫോണിൽ ഭാര്യയുമായി സംസാരിക്കുകയും തുടർന്ന് ഇരുവരും വഴക്കിടുകയും ചെയ്തു. ശേഷം എയർപോർട്ട് ജീവനക്കാരോട് മാറാൻ ആവശ്യപ്പെട്ട യുവാവ് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ട്രെയിൻ ടിക്കറ്റ് ഫ്ലൈറ്റ് ടിക്കറ്റാക്കി മാറ്റാൻ സാധിക്കുമെന്ന് കരുതി വിമാനത്താവളത്തിൽ എത്തിയ ഇയാൾ മദ്യപിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇയാൾ ഗാസോലിൻ ഉപയോഗിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ചത്. വിമാനത്താവളത്തിലെ ജീവനക്കാർ സമയോചിതമായി ഇടപെട്ട് അഗ്നിശമന ഉപകരണങ്ങൾ കൊണ്ട് തീകെടുത്താൻ ശ്രമിക്കുന്നുണ്ട്. തുടർന്ന് ഇയാൾ ഗുരുതരമായി പൊള്ളലേറ്റ് നിലത്ത് കിടന്ന് കരയുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. ഇയാൾ നിലവിൽ അത്യാസന്ന നിലയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. യുവാവ് എങ്ങനെ വിമാനത്താവളത്തിന് അകത്തേക്ക് ഗാസോലിൻ കൊണ്ടുവന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.