വിജയവും പരാജയവും ജീവിതത്തിൻ്റെ ഭാഗമാണ്. എന്നാൽ, പലപ്പോഴും പരാജയഭാരത്തേക്കാൾ വേദനയുണ്ടാക്കുന്നത് പരാജയപ്പെടുമ്പോൾ ചുറ്റുമുള്ളവരിൽ നിന്ന് നേരിടേണ്ടി വരുന്ന പരിഹാസമാണ്. ഇതുമായി ബന്ധപ്പെട്ട മികച്ച ജീവിതപാഠം പങ്കുവെച്ച ഒരു വിദ്യാർഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി എഴുതാനുള്ള ചോദ്യത്തിനാണ് അവസാനവരിയിൽ തോറ്റവർ ജയിച്ചവരെ കളിയാക്കരുതെന്ന് കുഞ്ഞ് വലിയ ജീവിതപാഠം വിദ്യാർഥി പങ്കുവെച്ചത്. കണ്ണൂർ തലശേരി ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അഹാൻ അനൂപാണ് ഉത്തരക്കടലാസിൽ മികച്ച സന്ദേശം എഴുതി മാതൃകയായത്.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയിലെ നിയമാവലി എഴുതുകയെന്നതായിരുന്നു ചോദ്യപ്പേപ്പറിൽ കുട്ടിക്കുള്ള ചോദ്യം. നാരങ്ങാ സ്പൂൺ കളിയുടെ നിയമാവലി എഴുതിയ കുട്ടി, അവസാനവരിയിലെ നിബന്ധനയിലാണ് ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്ന് കുറിച്ചത്.
അഹാൻ്റെ ഉത്തരം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രിയും എത്തി. മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലാണ് അഹാന് അഭിനന്ദനങ്ങളറിയിച്ചത്. "ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ," എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. "
ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ..
അഹാൻ അനൂപ്,
തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്കൂൾ
നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..