കാനഡയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ സുഹൃത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും പതിവുപോലെ കണ്ടുമുട്ടി. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ഇക്കുറിയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ജി 7 ഉച്ചകോടിയിലെ ഇരുവരുടെയും കൂടിക്കാഴ്ചയുടെ ഒരു വീഡിയോയാണ് ഇക്കുറി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വീഡിയോയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണി ഇന്ത്യൻ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് കേൾക്കാം. നരേന്ദ്ര മോദിയും ജോർജിയ മെലോണിയും പരസ്പരം ആശംസകൾ കൈമാറുന്നതും ഇരുവരും പരസ്പരം ക്ഷേമം അന്വേഷിക്കുന്നതും കാണാം. സംഭാഷണത്തിനിടയിൽ, മോദി ഏറ്റവും മികച്ചയാൾ ആണെന്നും, ഞാൻ നിങ്ങളെപ്പോലെ ആകാൻ ശ്രമിക്കുന്നു എന്നും മെലോണി പറയുന്നത് കേൾക്കാം. ഈ വീഡിയോയാണ് ഇക്കുറി വൈറലാകുന്നത്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്ക് ശേഷവും ഇരുവരുടെയും സൗഹൃദം സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു. നരേന്ദ്ര മോദിയും ജോർജിയ മെലണിയും ചേർന്നുള്ള സെൽഫി വീഡിയോയാണ് കഴിഞ്ഞ വർഷം വൈറലായത്. 'ഹലോ ഫ്രം മെലഡി ടീം' എന്ന് പറഞ്ഞുകൊണ്ട് രണ്ടുപേരും ക്യാമറ നോക്കി കൈവീശി കാണിക്കുന്ന വീഡിയോ മെലണി എക്‌സിലൂടെ പങ്കുവെക്കുകയായിരുന്നു.
2023ൽ ഡൽഹിയിൽ വെച്ച് നടന്ന ജി20 ഉച്ചകോടിയിലും, 2023ൽ ദുബായിൽ നടന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിലും മോദിയും മെലണിയും ചേർന്നുള്ള ഫോട്ടോ വൈറലായിരുന്നു. കാലാവസ്ഥ ഉച്ചകോടിയിലെ ഏറ്റവും നല്ല സുഹൃത്തുക്കളെന്നും, മെലഡി എന്ന ഹാഷ്ടാഗും കുറിച്ചാണ് അന്ന് മെലണി ഫോട്ടോ പോസ്റ്റ് ചെയ്തത്.