അപ്പോളോ ആശുപത്രി സിഎസ്ആറും സംരംഭകയുമായ ഉപാസന കൊനിഡേല. തെലുങ്ക് നടൻ രാം ചരണിന്റെ ഭാര്യ, ചിരഞ്ജീവി കുടുംബത്തിലെ മരുമകൾ എന്നിങ്ങനെ പല വിശേഷങ്ങൾ ഉണ്ടെങ്കിലും എന്നും തന്റെ വ്യക്തിത്വത്തിന് പ്രാധാന്യം നൽകുന്നയാളാണ് ഉപാസന. ഇപ്പോഴിതാ ഉപാസനയുടെ പോസ്റ്റിന് എക്‌സില്‍ മറുപടി നല്‍കി വിമര്‍ശനം ഏറ്റുവാങ്ങുകയാണ് സോഹോ സഹസ്ഥാപകനായ ശ്രീധര്‍ വെമ്പു.
ഹൈദരാബാദ് ഐഐടിയിലെ വിദ്യാര്‍ഥികളുമായി സംവദിച്ചതിനെ കുറിച്ച് ഉപാസന പങ്കുവച്ച പോസ്റ്റിന് മറുപടി നൽകിയാണ് വെമ്പു എയറിൽ കയറിയത്. വിദ്യാര്‍ഥികളോട് നിങ്ങളില്‍ എത്ര പേര്‍ക്ക് വിവാഹിതരാകണം എന്ന് ചോദിച്ചു. ആൺകുട്ടികളാണ് അധികവും കൈ പൊക്കിയത്. സ്ത്രീകള്‍ കൂടുതലും കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നിയെന്ന് ഉപാസന കുറിച്ചു.
പുരോഗമിച്ച ഇന്ത്യ ഇതാണ്. നിങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് തീരുമാനിക്കുക. നിങ്ങളുടെ ലക്ഷ്യമെന്താണെന്ന് മനസിലാക്കിക്കൊടുക്കുക, നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നിങ്ങനെ ഉപാസന എക്‌സിലെഴുതി. ഇതിന് മറുപടിയുമായാണ് വെമ്പു പ്രതികരിച്ചത്.
യുവാക്കള്‍ ഇരുപതുകളില്‍ വിവാഹിതരാവുകയും കുട്ടികള്‍ക്ക് ജന്മം നല്‍കുകയും വേണം. സമൂഹത്തോടും സ്വന്തം പൂര്‍വികരോടുമുള്ള ജനസംഖ്യാപരമായ കടമ യുവാക്കള്‍ ഇങ്ങനെ നിറവേറ്റണമെന്നാണ് വെമ്പു കുറിച്ചത്. താന്‍ കണ്ടുമുട്ടുന്ന യുവ സംരംഭകരോട് ഇക്കാര്യം ഉപദേശമായി നിൽകാറുണ്ടെന്നും വെമ്പു എഴുതി.
നിരവധിപ്പേരാണ് വെമ്പുവിനെ വിമർശിച്ച് രംഗത്തെത്തിയത്. ജനസംഖ്യയല്ല സാമ്പത്തികമാണ് അതാദ്യം ശരിയാവണം, ഇരുപതുകളിൽ കുഞ്ഞുണ്ടാകുന്നത് സ്ത്രീകളുടെ കരിയറിനെ ബാധിക്കും, കുട്ടികളും കുടുംബവുമല്ല ജന്മോദ്ദേശം, എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ ജീവിതമൊരു ഓട്ടമത്സരമല്ലെന്നും ഇവിടെ ഏത് പ്രായത്തിലും നല്ല അവസരങ്ങൾ ഉണ്ടാകുമെന്നും വെമ്പു പറയുന്നുണ്ട്.