ഓരോ ദിവസം കഴിയുംതോറും, ആളുകൾക്കിടയിലെ ഫാഷൻ സങ്കൽപ്പങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. ചില വസ്തുക്കളോടുള്ളതും വസ്ത്രങ്ങളോടുള്ളതുമായ താൽപര്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മാറിപ്പേയേക്കാം.
ഇത്തരത്തിൽ ആളുകളുടെ ഫാഷൻ ലോകത്ത് ട്രെൻഡിങ്ങായി മാറിക്കൊണ്ടിരിക്കുകയാണ് ഒറ്റക്കാലൻ ജീൻസ് അഥവാ, വൺ ലെഗ്‌ഡ് ജീൻസ്. ഫ്രഞ്ച് ആഡംബര ലേബലായ കോപ്പർണിയാണ് വൺ-ലെഗ്‌ഡ് ജീൻസ് ഇത് വിപണിയിലെത്തിച്ചത്.
പേരിൽ സൂചിപ്പിക്കുന്നത് പോലെ ഒരു കാല്‍ മാത്രം മുഴുവനായി കവര്‍ ചെയ്യപ്പെടുകയും, മറ്റേ കാലിൻ്റെ തുട വരെ മാത്രം കവർ ചെയ്യപ്പെടും വിധത്തിലാണ് ജീൻസ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
കോപ്പർണി ഹാഫ് ആൻഡ് ഹാഫ് ട്രൗസറുകൾ പുറത്തിറക്കുന്ന ആദ്യത്തെ കമ്പനിയല്ല. ബോട്ടെഗ വെനെറ്റയും ലൂയിസ് വിറ്റണും കഴിഞ്ഞ വീഴ്ചയിൽ സമാനമായ സ്റ്റൈലുകൾ അവതരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉണ്ടായിട്ട് പോലും, ഇത്തരം വസ്ത്രങ്ങൾ ജനപ്രിയമാണ്. വിപണിയിൽ വന്നതിന് പിന്നാലെ തന്നെ സ്റ്റോക്കുകൾ വിറ്റുതീർന്നിരുന്നു.
വീഡിയോ വൈറലായതോടെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരണങ്ങൾ രേഖപ്പെടുത്തി. ഇത് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മണ്ടത്തരമാണ്, ഒരു ഉപയോക്താവ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഫാഷൻ ഇൻഫ്ലുവൻസർ ആയ ക്രിസ്റ്റി സാറ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ പാരമ്പര്യേതര ജീൻസ് പരീക്ഷിച്ചുനോക്കി അഭിപ്രായം പറഞ്ഞു. "ഇന്റർനെറ്റിലെ ഏറ്റവും വിവാദപരമായ ജീൻസ് ആയിരിക്കാം ഇതെന്ന്" അവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.