ഡൽഹി: സെൽഫിയെടുക്കാനായി അടുത്തുവന്നയാളെ തള്ളിമാറ്റി സമാജ്‌വാദി പാർട്ടി എംപി ജയ ബച്ചൻ. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ച് സെൽഫിയെടുക്കാൻ ശ്രമിക്കവെയാണ് ജയ ബച്ചൻ രോഷാകുലയായി ഒരാളെ തള്ളി മാറ്റിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ആളുകളുമായി സംസാരിച്ചുനിൽക്കവെയാണ് ഒരാൾ ജയ ബച്ചനൊപ്പം സെൽഫിയെടുക്കാനെത്തിയത്. ഇതെന്താണ് നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ആക്രോശിച്ചുകൊണ്ട് ജയ ബച്ചൻ അയാളെ തള്ളി മാറ്റുന്നതായി ദൃശ്യങ്ങളിൽ കാണാം. പിന്നിലെ അയാൾ ജായ ബച്ചനോട് ക്ഷമാപണം നടത്തുന്നുമുണ്ട്. എംപിമാരായ മിസ ഭാരതി, പ്രിയങ്ക ചതുർവേദി എന്നിവരെയും വീഡിയോയിൽ കാണാം.
ജയ ബച്ചൻ്റെ പെരുമാറ്റത്തിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒരു നോ പറയുന്നതിന് പകരം അയാളെ തള്ളി മാറ്റേണ്ട ആവശ്യമില്ലായിരുന്നെന്ന് ഒരു ഉപയോക്താവ് എക്സിൽ കുറിച്ചു.
തനിക്കൊപ്പം ഫോട്ടോയെടുക്കാനെത്തുന്നവരുമായി ജയ ബച്ചൻ ഫോട്ടോ രോഷാകുലയാകുന്നത് ഇതാദ്യമായല്ല. ഏപ്രിൽ മാസത്തിൽ മനോജ് കുമാർ പ്രാർഥനാ യോഗത്തിൽ വെച്ചും സമാനസംഭവം നടന്നിരുന്നു. ഫോട്ടോയെടുക്കാൻ ശ്രമിച്ച ഒരു ആരാധകയോട് കയർത്ത് സംസാരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.