കോർപ്പറേറ്റ് ജോലിയിലെ ഡെഡ് ലൈനുകൾക്കും ടാർഗറ്റുകൾക്കും മീറ്റീംഗുകൾക്കും ഇടയിൽ ഭക്ഷണം കഴിക്കുന്നതിന് പോലും സമയമില്ലെന്ന് പരാതിപ്പെടുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. എന്നാൽ, എട്ട് മണിക്കൂർ ജോലിക്കിടയിലെ നീരജ് ഭാട്ടിയയുടെ ഭക്ഷണ ഡയറി കണ്ട് മൂക്കത്ത് വിരൽ വയ്ക്കുകയാണ് സോഷ്യൽ മീഡിയ. ടിഫിൻ ബോക്സുകളുടെ നീണ്ട നിരയുമായി ഓഫീസിലെത്തുന്ന നീരജ് എല്ലാ ദിവസവും ഓരോ മണിക്കൂർ ഇടവേളയിലാണ് ഭക്ഷണം കഴിക്കുന്നത്.
ചോറും ദാലും സാലഡുമടങ്ങിയ ഉച്ചഭക്ഷണത്തിന് പുറമെ പനീർ പരാത്ത, മാക്കറോണി, ഗോൽഗപ്പ, ഫ്രൂട്ട്സ്, കടലവർഗങ്ങൾ, സമോസ എന്നിങ്ങനെ കൈനിറയെ ടിഫിൻ ബോക്സുകളുമായാണ് നീരജ് ഓഫീസിലെത്തുന്നത്. അതായത്, എട്ട് മണിക്കൂർ ജോലിക്കിടയിൽ ഏഴ് തവണയോളം വിവിധ ടിഫിൻ ബോക്സുകൾ തുറന്ന് നീരജ് ഭക്ഷണം കഴിക്കും. ദിവസവും ഇതിൻ്റെ വീഡിയോ ഷൂട്ട് ചെയ്ത് നീരജ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്യും.
ഇൻസ്റ്റാഗ്രാമിൽ 20 മില്യണിലധികം വ്യൂസാണ് നീരജിൻ്റെ പല വീഡിയോകളും നേടിയിട്ടുള്ളത്. നിരവധി രസകരമായ കമൻ്റുകളും സംശയങ്ങളുമൊക്കെയും നീരജിൻ്റെ വീഡിയോക്ക് താഴെ കാണാം. എങ്ങനെയാണ് ഓരോ മണിക്കൂറും ഇടവിട്ട് ഇങ്ങനെ ഭക്ഷണം കഴിക്കാനാവുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. എന്തൊരു വിശപ്പാണെന്ന് അത്ഭുതപ്പെടുന്നതും കാണാം. ദിവസത്തിൽ കൂടുതൽ സമയവും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമാണെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്.