'പ്രിൻസിപ്പൽ മരിച്ചെന്ന്' കോളേജ് ലെറ്റര്‍ഹെഡില്‍ നോട്ടീസ്, വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരണം; പരീക്ഷ മാറ്റാന്‍ വിദ്യാര്‍ഥികളുടെ അതിബുദ്ധി, പിന്നാലെ കേസ്
ഇൻഡോർ: പരീക്ഷയ്ക്ക് തയ്യാറല്ലാത്തപ്പോൾ നിങ്ങൾ എന്തുചെയ്യും? പനി പിടിച്ചെന്ന് കള്ളം പറഞ്ഞ് വീട്ടിലിരിക്കുമെന്നാണ് ഉത്തരമെങ്കിൽ അക്കാലമൊക്കെ കഴിഞ്ഞു. പരീക്ഷ റദ്ദാക്കാനായി രണ്ട് വിരുതർ ചെയ്തത് കണ്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ. പരീക്ഷ മാറ്റിവയ്ക്കാൻ സ്വന്തം കോളേജ് പ്രിൻസിപ്പൽ മരിച്ചെന്ന വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുകയാണ് ഇവർ. സംഭവത്തിൽ രണ്ട് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.
മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഇൻഡോർ ഗവൺമെന്റ് ഹോൾക്കർ സയൻസ് കോളേജിലെ പ്രിൻസിപ്പൽ ഡോ. അനാമിക ജെയിൻ മരിച്ചെന്ന വാർത്ത കണ്ടാണ് കഴിഞ്ഞ ഒക്ടോബർ 14ന് ക്യാംപസ് ഉണർന്നത്. കോളേജിൽ ഓൺലൈൻ പരീക്ഷ നടക്കേണ്ട ദിവസമായിരുന്നു അന്ന്. പ്രിൻസിപ്പലിൻ്റെ മരണ വാർത്ത കേട്ട് പലരും ദുഃഖിച്ചെങ്കിലും, പരീക്ഷ മാറ്റിവെച്ചേക്കുമെന്ന സന്തോഷം ചിലരിലെങ്കിലും ഉണ്ടായിരുന്നു.
ബുധനാഴ്ച ഒരു വിദ്യാർഥി പോലും പരീക്ഷയെഴുതാൻ കോളേജിൽ എത്താഞ്ഞതോടെ അധ്യാപകർ ഞെട്ടി. പിന്നാലെയാണ് വ്യാജ വാർത്തയെക്കുറിച്ച് ഇവർ അറിഞ്ഞത്. വിദ്യാർഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രിൻസിപ്പൽ മരിച്ചെന്ന വാർത്ത പ്രചരിച്ചിരിക്കുന്നു. കോളേജ് ലെറ്റർഹെഡിലായിരുന്നു നോട്ടീസ് എത്തിയത്.
പ്രിൻസിപ്പൽ അനാമിക ജെയിനിന്റെ മരണത്തെത്തുടർന്ന് ഒക്ടോബർ 15, 16 തീയതികളിൽ കോളേജ് അടച്ചിടുമെന്ന് പറഞ്ഞായിരുന്ന മൂന്നാം സെമസ്റ്റർ ബിസിഎ വിദ്യാർഥികൾ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചത്. ഒക്ടോബർ 14 ന് വൈകീട്ടാണ് ഇരുവരും നോട്ടീസ് വാട്ട്‌സ്ആപ്പിൽ പ്രചരിപ്പിച്ചെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ പ്രിൻസിപ്പൽ അനാമിക ജെയിൻ പൊലീസിൽ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ മൂന്നാം സെമസ്റ്റർ വിദ്യാർഥികളായ മായങ്ക് കച്ചവ, ഹിമാൻഷു ജയ്‌സ്‌വാൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാജരേഖ ചമച്ചതിനും, മാനനഷ്ടത്തിനുമാണ് കേസ്. മൂന്ന് വർഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വരുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. എഫ്‌ഐആർ ഫയൽ ചെയ്തതിന് പിന്നാലെ കോളേജ് അച്ചടക്ക സമിതി രണ്ട് വിദ്യാർഥികളെയും 60 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
