

പുഷ്കർ: ലോകപ്രശസ്തമായ രാജസ്ഥാനിലെ പുഷ്കർ മേളയിൽ ഇത്തവണ സന്ദർശകരുടെ മനം കവരുന്നത് വമ്പൻ കുതിരകളോ അലങ്കരിച്ച ഒട്ടകങ്ങളോ അല്ല, മറിച്ച് വെറും രണ്ടടി മാത്രം ഉയരമുള്ള 'പിങ്കി' എന്ന കുഞ്ഞൻ എരുമയാണ്. ഇതിന് ഒരു കോടി രൂപയാണ് ഉടമസ്ഥൻ വിലയിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ എരുമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പിങ്കിയെ കാണാൻ ദിവസവും നിരവധി ആളുകളാണ് മേളയിലേക്ക് ഒഴുകിയെത്തുന്നത്.
സാധാരണയായി ഭീമാകാരൻ മൃഗങ്ങളെ കാണാനെത്തുന്ന സന്ദർശകർക്ക് പിങ്കിയുടെ കുഞ്ഞൻ രൂപം വലിയ കൗതുകമാണ് നൽകുന്നത്. പിങ്കിയുടെ അപൂർവതയും ശാന്തസ്വഭാവവും കണക്കിലെടുത്താണ് ഉടമ ഇതിന് വില ഇട്ടിരിക്കുന്നത്. എന്നാൽ ഈ തുക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, നിലവിൽ പിങ്കിയെ വാങ്ങാൻ ആരും മുന്നോട്ടുവന്നിട്ടുമില്ല.
വളരെ ശാന്തയും സൗഹൃദമനോഭാവവുമുള്ള പിങ്കി, ആളുകൾ അടുത്തെത്തുമ്പോൾ ശാന്തമായി നിന്നു കൊടുക്കും. ഏകദേശം തങ്ങളുടെ അതേ ഉയരം മാത്രമുള്ളതിനാൽ കുട്ടികൾക്കാണ് പിങ്കിയോട് ഏറെ ഇഷ്ടമെന്നും മേളയിലെ ഏറ്റവും ഓമനത്തമുള്ള മൃഗമെന്നാണ് പലരും പിങ്കിയെ വിശേഷിപ്പിക്കുന്നതെന്നും ഉടമ പറഞ്ഞു. പിങ്കിക്കൊപ്പം ഫോട്ടോയും വീഡിയോയും എടുക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പുഷ്കർമേളയിൽ പിങ്കിക്ക് പ്രത്യേക പരിചരണമാണ് നൽകുന്നത്. ലളിതമായ ഭക്ഷണക്രമവും ശുദ്ധജലവും ആവിശ്യത്തിന് വിശ്രമവും പിങ്കിക്കായി ഒരുക്കിയിട്ടുണ്ട്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ പിങ്കിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ, ചെണ്ട മേളം പോലുള്ള വലിയ ബഹളങ്ങളിൽ നിന്നും മാറ്റിയാണ് ഇതിനെ പാർപ്പിച്ചിരിക്കുന്നത്.
പുഷ്കർ മേളയിൽ രണ്ടരയടി ഉയരമുള്ള പുങ്കന്നൂർ പശുക്കളും നൂറുകണക്കിന് കിലോ ഭാരമുള്ള മുറ എരുമകളും, കോടികൾ വിലമതിക്കുന്ന കുതിരകളും ഉണ്ടെങ്കിലും വലിപ്പത്തിലല്ല, മറിച്ച് കൗതുകത്തിലാണ് കാര്യമെന്ന് തെളിയിച്ചുകൊണ്ട് പിങ്കി മേളയിലെ താരമായി മാറിക്കഴിഞ്ഞു.