മകൾക്ക് സ്ത്രീധനമായി ഏറ്റവും വിലപിടിപ്പുള്ള സമ്മാനവുമായി വിയറ്റ്‌നാമിലെ മാതാപിതാക്കൾ. സ്ത്രീധനമായി 100 വെരുകുകളെയാണ് മാതാപിതാക്കൾ മകൾക്ക് സമ്മാനിച്ചത്. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പികളിൽ ഒന്നായ കോപി ലുവാക്കിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വെരുകുകളാണിവ.
ഇതിനുപുറമേ, സ്വർണ്ണക്കട്ടികൾ, പണം, കമ്പനി ഓഹരികൾ, സ്വത്തുവകകൾ എന്നിവയും മകൾക്ക് നൽകിയ കൂട്ടത്തിൽ ഉൾപ്പെടുന്നു. 100 വെരുകുകൾക്ക് ഏകദേശം 70,000 ഡോളർ വിലവരും. വിയറ്റ്‌നാമിൽ ഇത്തരം വെരുകുകളെ വിലപ്പെട്ട ആസ്തികളായാണ് കണക്കാക്കുന്നത്.
വിയറ്റ്‌നാമിൽ ഒരു പെൺ വെരുകുകൾക്ക് ഏകദേശം 700 ഡോളറും ഗർഭിണിയായ വെരുകുകൾക്ക് 1,000 ഡോളറിൽ കൂടുതലും വിലയുണ്ട്. കോപി ലുവാക് കാപ്പി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയിൽ അവയുടെ പങ്ക് വളരെ വലുതാണ്.
പഴുത്ത കാപ്പി കുരുക്കൾ ഭക്ഷിച്ചതിന് പിന്നാലെയുണ്ടാകുന്ന വിസർജത്തിൽ നിന്നുള്ള വസ്തുക്കൾ ശേഖരിച്ച് സംസ്കരിച്ചാണ് പ്രീമിയം ബ്രൂ തയ്യാറാക്കുന്നത്. കാപ്പി ഉൽപാദനത്തിനപ്പുറം, ചൈനയിലും വിയറ്റ്നാമിലും സിവെറ്റ് മാംസം ഒരു ആഡംബര ഭക്ഷണമായി കണക്കാക്കപ്പെടുന്നു, കൂടാതെ പരമ്പരാഗത ചൈനീസ് വൈദ്യത്തിലും ഇത് ഉപയോഗിക്കുന്നു.
"എൻ്റെ മകൾ ഒരു ബിസിനസ് ബിരുദധാരിയാണ്.ഈ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവൾക്ക് പൂർണ്ണമായും കഴിവുണ്ട്.രീതി എന്തുതന്നെയായാലും,ഇത് അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നു. മൃഗങ്ങളെ വളർത്തണോ വിൽക്കണോ വേണ്ടയോ എന്നത് പൂർണ്ണമായും അവളുടെ ഇഷ്ടമാണ്", വധുവിൻ്റെ പിതാവിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഈ വിവരം പോസ്റ്റ് ചെയ്തതിന് പിന്നാലെ നെഗറ്റീവും പോസറ്റീവുമായ കമൻ്റുകളാണ് ഇവരെ തേടിയെത്തിയത്. മകളെ ബിസിനസ് കൈകാര്യം ചെയ്യാൻ പഠിപ്പിക്കുന്നത് പണം കൈമാറുന്നതിനേക്കാൾ വളരെ മികച്ച നീക്കമാണ് എന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ആഡംബര ജീവിതത്തിനായി മൃഗങ്ങളെ ചൂഷണം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന വിമർശനവും ചിലർ ചൂണ്ടിക്കാട്ടി.