

നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളില്‍ കണ്ണ് തട്ടാതിരിക്കാന്‍ ചില രൂപങ്ങള്‍ വെക്കുന്നത് പതിവ് കാഴ്ചയാണ്. ഇന്ത്യയിൽ അത്തരം കാഴ്ചകൾക്ക് കൗതുകമോ അത്ഭുതമോ. എന്നാല്‍, നിങ്ങള്‍ ബെംഗളൂരുവിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കില്‍ ഈ ചിത്രം കണ്ടാല്‍ ഒന്ന് നില്‍ക്കും. ഇതെന്താ സംഭവം എന്ന് ആലോചിക്കും.
വലിയ കണ്ണുകളുമായി നോക്കി പേടിപ്പിക്കുന്നതു പോലെ ഒരു സ്ത്രീയുടെ ചിത്രം. ബെംഗളൂരുവിലെ പല നിര്‍മാണ സൈറ്റുകളിലും പച്ചക്കറി മാർക്കറ്റുകളിലും ഈ ചിത്രം കാണാം. ഇന്റര്‍നെറ്റിലും വൈറലാണ് സ്ത്രീയുടെ ചിത്രം. ഇതാരാണ്, എന്തിനാണ് എല്ലാ സൈറ്റുകളിലും ഈ ചിത്രം വെക്കുന്നത് എന്നൊക്കെയാണ് പലരും ചോദിക്കുന്നത്.
എക്‌സില്‍ ഒരു യൂസറാണ് ചിത്രം ആദ്യമായി പങ്കുവെച്ചത്. ബെംഗളൂരുവിലെ പല നിര്‍മാണ കേന്ദ്രങ്ങളിലും ഈ സ്ത്രീയുടെ ഫോട്ടോ കാണാം. ഇവര്‍ ആരാണ് എന്ന ചോദ്യത്തോടെയാണ് ചിത്രം പങ്കുവെച്ചത്. പോസ്റ്റിന് ഇതിനകം 3.2 മില്യണിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.
പലരും ഗൂഗിള്‍ ലെന്‍സും എഐ ടൂളുകളും ഉപയോഗിച്ച് ഈ സ്ത്രീ ഏതാണെന്ന് അന്വേഷിച്ചെങ്കിലും കൃത്യമായ ഉത്തരമൊന്നും ആര്‍ക്കും ലഭിച്ചിട്ടില്ല. കണ്ണ് തട്ടാതിരിക്കാനാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി, അതിനെന്തിനാണ് ഒരു സ്ത്രീയുടെ ചിത്രം ഉപയോഗിച്ചത് എന്നതാണ് എല്ലാവരേയും ഒരുപോലെ കുഴക്കുന്ന ചോദ്യം.
അങ്ങനെ അന്വേഷിച്ചൊടുവില്‍ ആളെ കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടകയിലുള്ള യൂട്യൂബറായ നിഹാരിക റാവു എന്നയാളുടെ ചിത്രമാണിത്. 2023ലെ ഒരു വൈറലായ വീഡിയോ ക്ലിപ്പില്‍ നിന്നുള്ള അവരുടെ പ്രത്യേക ഭാവം സോഷ്യല്‍ മീഡിയയില്‍ മീമായി പരിണമിക്കുകയായിരുന്നു. അതങ്ങനെ പരിണമിച്ച് പരിണമിച്ച് ഇപ്പോള്‍ നിര്‍മാണ സൈറ്റുകളില്‍ വരെ എത്തിയതാണത്രേ.