

കൊച്ചി: വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ പുനഃപരിശോധിക്കാനായി റിവൈസിങ് കമ്മിറ്റിക്ക് വിട്ട ബോർഡിന്റെ തീരുമാനത്തിനെതിരെയാണ് ഹർജി. ഇന്ന് ഉച്ചതിരിഞ്ഞാകും കേസിൽ കോടതി വാദം കേൾക്കുക.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശ, സിനിമ റിവിഷൻ കമ്മിറ്റിക്ക് അയയ്ക്കാൻ കാരണമായ പരാതികൾ ഹാജരാക്കാൻ സെൻസർ ബോർഡിനോട് നിർദേശിച്ചിരുന്നു. സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
കെവിഎൻ പ്രൊഡക്ഷൻസിന് വേണ്ടി വെങ്കട്ട കെ. നാരായണയാണ് കോടതിയെ സമീപിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് അനാവശ്യമായി വൈകിപ്പിക്കുകയാണെന്നും ഇത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. 2025 ഡിസംബർ 18ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയെന്നും ഡിസംബർ 22ന് 'UA' സർട്ടിഫിക്കറ്റ് നൽകാമെന്ന് റീജിയണൽ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായുമാണ് നിർമാതാവ് കോടതിയെ അറിയിച്ചത്. ചിത്രത്തിലെ ചില സീനുകൾ വെട്ടിമാറ്റാനും മാറ്റങ്ങൾ വരുത്താനും നിർദേശമുണ്ടായിരുന്നു. മതപരമായ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങൾ, വെടിവെപ്പും സ്ഫോടനങ്ങളും നിറഞ്ഞ ആക്ഷൻ രംഗങ്ങൾ എന്നിവയുള്ളതിനാലാണ് 16 വയസിന് താഴെയുള്ള കുട്ടികൾക്ക് അനുയോജ്യമല്ലാത്ത 'UA' സർട്ടിഫിക്കറ്റ് നിർദേശിച്ചത്.
ഈ മാറ്റങ്ങൾ വരുത്തി ഡിസംബർ 24ന് ,സിനിമയുടെ പരിഷ്കരിച്ച പതിപ്പ് സമർപ്പിച്ചു. ഡിസംബർ 29ന് ചിത്രം പരിശോധിച്ച് 'UA' സർട്ടിഫിക്കറ്റ് നൽകാമെന്ന് അധികൃതർ വീണ്ടും ഉറപ്പുനൽകിയെങ്കിലും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണ് കെവിഎൻ പ്രൊഡക്ഷൻസിന്റെ ഹർജിയിൽ പറയുന്നത്. എന്നാൽ, ജനുവരി അഞ്ചിന് സിനിമയിലെ ദൃശ്യങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ ചിത്രീകരിച്ചിരിക്കുന്നത് ശരിയല്ലെന്നും കാണിച്ച് പരാതി ലഭിച്ചെന്നും അതിനാൽ ചിത്രം 'റിവൈസിങ് കമ്മിറ്റി'ക്ക് വിടുകയാണെന്നും അധികൃതർ ഇമെയിൽ വഴി നിർമാതാക്കളെ അറിയിച്ചു.
സിനിമ ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാകാതിരിക്കെ, അജ്ഞാതമായ പരാതികളുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കേഷൻ പ്രക്രിയ വീണ്ടും തുടങ്ങുന്നത് നിയമവിരുദ്ധമാണെന്നാണ് നിർമാതാക്കളുടെ വാദം. ഇത്തരം അജ്ഞാത പരാതികൾ സ്വീകരിക്കുന്നത് സിനിമകൾക്ക് തടസമുണ്ടാക്കാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. ജനുവരി ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. തമിഴ് പതിപ്പിന് സർട്ടിഫിക്കറ്റ് ലഭിച്ചാലേ മറ്റ് ഭാഷകളിൽ സിനിമ പുറത്തിറക്കാൻ സാധിക്കൂ എന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു.
വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ് ‘ജന നായകൻ’. സെൻസർ സർട്ടിഫിക്കറ്റ് കിട്ടാൻ താമസം നേരിട്ടാൽ സിനിമയുടെ റിലീസ് മാറ്റിവയ്ക്കാൻ നിർമാതാക്കൾ നിർബന്ധിതരാകും. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.