ബാഗി ജീൻസും ലബൂബു ഡോളും; നിങ്ങൾക്കുമാകാം പെർഫോമേറ്റീവ് മെയിൽ

പെർഫോർമേറ്റീവ് മെയിൽ എന്ന പേര് പോലെ തന്നെ എല്ലാം ഇവരുടെ ഒരു പെർഫോർമെൻസ് മാത്രമാണെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം
എന്താണ് പെർഫോമേറ്റീവ് മെയിൽ?
എന്താണ് പെർഫോമേറ്റീവ് മെയിൽ?Source: News Malayalam 24x7
Published on

കാലം മാറുമ്പോൾ, കോലം മാറും. വെള്ളമുണ്ടും കറുത്തഷർട്ടുമിട്ട് മാസ് കാണിക്കാമെന്ന് വിചാരിച്ചാൽ ഇന്ന്, അത് നടക്കില്ല. ഇത്തിരി വെയ്റ്റ് ഇട്ട്, കലിപ്പ് കാണിക്കുന്ന ടോക്സിക് മസ്കുലാനിറ്റിയല്ല, മൃദുവായി സംസാരിച്ച്, ഫെമിനിസ്റ്റ് ലിറ്ററേച്ചർ വായിക്കുന്ന 'സോഫ്റ്റ് മെൻ' ആണ് ഇപ്പോൾ ട്രെൻ്റിങ്. ഇത്തരക്കാർക്ക് ഇൻ്റർനെറ്റ് ലോകം ഒരു പേരും നൽകിയിട്ടുണ്ട്. പെർഫോർമേറ്റീവ് മെയിൽ അല്ലെങ്കിൽ മാച്ച മാൻ.

ഷവർമ മുതൽ ബന്ധങ്ങൾ വരെ എല്ലാത്തിലും നമ്മൾ തിരയുന്നത് ആധികാരികത അഥവാ ഒഥൻറ്റിസിറ്റി ആണ്. ആധികാരികത ഇല്ലായ്മയെ രേഖപ്പെടുത്താൻ ഇൻ്റർനെറ്റ് യുഗത്തിൽ പല വാക്കുകളുണ്ട്. അത്തരത്തിലൊരു ടേമാണ് ഈ പെർഫോർമേറ്റീവ് മെയിൽ. അതെ ആധികാരികത ഒട്ടുമില്ലാത്ത, ഫേക്ക് ആളുകളെ കളിയാക്കാനാണ് ജെൻ സീ പെർഫോർമേറ്റീവ് മെയിൽ എന്ന വിളിപ്പേര് ഉപയോഗിക്കുന്നത്. സോഷ്യ മീഡിയ മീമുകൾ പറയുന്നതനുസരിച്ച് സ്ത്രീകളെ അട്രാക്ട് ചെയ്യുന്ന രീതിയിലാണ് പെർഫോർമേറ്റീവ് മെയിലുകൾ സ്വയം പ്രസൻ്റ് ചെയ്യുക.

എന്താണ് പെർഫോമേറ്റീവ് മെയിൽ?
'ആണ്‍'മൂത്രം വീണ മെത്ത ഒരു 'ഫെമിനിച്ചി'യെ സൃഷ്ടിക്കുന്നു

ബാഗി പാന്റ്സ്, ഫെമിനിസ്റ്റ് കോട്ടുകൾ പ്രിൻ്റ് ചെയ്ത ഒരു ടോട്ടെ ബാഗ്, കയ്യിൽ ഫെമിനിസ്റ്റ് ലിറ്ററേച്ചർ ബുക്ക്, ഒരു ഹെഡ്സെറ്റ്.. ഒരു മാച്ച മാൻ ആകാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയെന്നാണ് മീമുകൾ പറയുന്നത്. ഒരു കുഞ്ഞിനെ ലാളിക്കുന്നത് പോലെ, സോഫ്റ്റ്നെസ് വ്യക്തമാക്കുന്ന തരത്തിലായിരിക്കണം നിങ്ങളുടെ ഡേറ്റിംഗ് ആപ്പ് പ്രൊഫൈൽ പിക്ച്ചർ. പെറ്റ് ഡോഗിനെക്കുറിച്ച് വാതോരാതെ സംസാരിക്കണം. താൽപ്പര്യങ്ങൾ, സംസാര ശൈലി ഇതെല്ലാം കുറച്ച് പ്രോഗ്രസീവായിരിക്കണം. സ്ത്രീകൾക്ക് പെട്ടെന്ന് ആവശ്യം വരികയാണെങ്കിൽ സഹായിക്കാനായി മെൻസ്ട്രൽ പാഡുകൾ വരെ കയ്യിൽ കരുതിയിരിക്കണം. ഇതെല്ലാമുണ്ടെങ്കിൽ നിങ്ങളെയും സോഷ്യൽ മീഡിയ ഒരു പെർഫോർമേറ്റീവ് മെയിൽ എന്ന് വിളിക്കും.

നേരത്തെ പറഞ്ഞത് പോലെ ഇവരുടെ ആധികരികതയെക്കുറിച്ചാണ് ഇൻ്റർനെറ്റ് ലോകം സംസാരിക്കുന്നത്. പെർഫോർമേറ്റീവ് മെയിൽ എന്ന പേര് പോലെ തന്നെ എല്ലാം ഇവരുടെ ഒരു പെർഫോർമെൻസ് മാത്രമാണെന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം. പുസ്തകങ്ങൾ കയ്യിൽ കരുതുന്നുണ്ടെങ്കിലും, അതിനുള്ളിലെ കോണ്ടൻ്റ് എന്താണെന്ന് പോലും പലർക്കും അറിയില്ല, എല്ലാം സ്ത്രീകളെ വശീകരിക്കാൻ മാത്രമുള്ള ഷോ, ഫേക്ക് പേഴ്സണാലിറ്റി തുടങ്ങി പല വിമർശനങ്ങളും ഇവർക്ക് നേരെയുണ്ട്.

ചില മെയിൻ സ്ട്രീം പാശ്ചാത്യ മാധ്യമങ്ങളെയും സോഷ്യൽ മീഡിയയെയും ഉദ്ധരിച്ച് പറയുകയാണെങ്കിൽ, ഇവരെല്ലാം മറ്റൊരാളായി 'പെർഫോം' ചെയ്യുകയാണ്. അതിലുപരി ഇവർ സോഫ്റ്റാണെന്നും, പ്രോഗ്രസീവാണെന്നും പറഞ്ഞ് സ്ത്രീകളെ മാനിപുലേറ്റ് ചെയ്ത്, കെണിയിലാക്കാൻ ശ്രമിക്കുകയാണ്.

സോഷ്യൽ മീഡിയയിലോ, റിയൽ ലൈഫിലോ ആവട്ടെ, ഇഷ്ടമുള്ള രീതിയിൽ സ്വയം അണിഞ്ഞൊരുങ്ങന്നത് ഒരു തെറ്റാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എന്തുകൊണ്ടായിരിക്കും പെർഫോമേറ്റീവ് മെയിൽ എന്ന് വിളിപ്പേരിട്ട് സോഷ്യൽ മീഡിയ ഇവരെ ഒതുക്കികളഞ്ഞത്? വിഷയത്തിൽ ഇത്രയധികം ട്രോളുകൾ ഉണ്ടാവുന്നത്?

എന്താണ് പെർഫോമേറ്റീവ് മെയിൽ?
കാളവണ്ടിയിലെത്തിയത് ഒരു കോടിയുടെ ആഡംബര കാർ സ്വന്തമാക്കാൻ; സോഷ്യൽ മീഡിയയിൽ വൈറലായ കർഷകൻ

പണ്ടുമുതൽക്കേ ഉണ്ടാക്കിവച്ച ചില ജെൻഡ‍ർ ചട്ടക്കൂടുകളിൽ നിന്ന് പുറത്തുകടക്കാൻ ജെൻ സീക്കും കഴിഞ്ഞിട്ടില്ലെന്നത് തന്നെയാണ് സോഷ്യൽ മീഡിയ മീമുകളിൽ നിന്ന് വ്യക്തമാകുന്നത്. പുരുഷത്വത്തിൻ്റെ പഴയ നിർവചനത്തിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ, സോഷ്യൽ മീഡിയ നെറ്റി ചുളിക്കുകയാണ്. ക്യാമ്പസുകളിലും കഫേകളിലുമായി ഇവരെ കളിയാക്കാനായി മാത്രം പെർഫോമേറ്റീവ് മെയിൽ കോംപിറ്റീഷൻ വരെ നടക്കുന്നുണ്ട്.

ഭക്ഷണം, സംഗീതം, പുസ്തകങ്ങൾ തുടങ്ങി എല്ലാത്തിനും സമൂഹം കൽപ്പിച്ചുവെച്ച ഒരു ചട്ടകൂടുണ്ട്. ഉദാഹരണത്തിന് മാച്ച ലാറ്റെയുടെ കാര്യമെടുക്കാം. ഈ ഡ്രിങ്ക് ഉപയോഗിക്കുന്ന സ്ത്രീകളെ കളിയാക്കുന്ന പ്രവണത സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഇതേ ഡ്രിങ്ക് ഒരു പുരുഷൻ കുടിക്കുന്നത് അവരെ ചൊടിപ്പിച്ചു എന്ന് തന്നെ വേണം കരുതാൻ. ഇനി, ആൻഡ്ര്യൂ ടാറ്റെയെ പിന്തുടരുന്ന, ടോക്സിക് മസ്കുലാനിറ്റിയെ പ്രോത്സാഹിപ്പിക്കുന്ന പുരുഷൻമാരെല്ലാം ഒഥൻറ്റിക് ആണെന്നാണോ ഈ മീം ട്രെൻ്റ് പറഞ്ഞുവെയ്ക്കുന്നത് എന്നത് മറ്റൊരു ചോദ്യമാണ്.

പെർഫോമേറ്റീവ് മെയിൽ കോംപിറ്റീഷനിൽ നിന്ന്
പെർഫോമേറ്റീവ് മെയിൽ കോംപിറ്റീഷനിൽ നിന്ന്

ഫെമിനിസ്റ്റ് പുസ്തകങ്ങൾ വായിച്ച്, ഒരു ലബൂബു ഡോൾ കീച്ചെയിൻ പാൻ്റ്സിൽ ധരിച്ചാൽ മാത്രം മതി. അത്ര എളുപ്പമാണ് സ്ത്രീകളെ മാനിപുലേറ്റ് ചെയ്യാൻ- ഈ നറേറ്റീവിൻ്റെ അർഥം മനസിലാക്കാൻ അത്ര ദൂരം പോകേണ്ടതില്ല. ഒരു ഫേക്ക് പേഴ്സണാലിറ്റിയെ പോലും തിരിച്ചറിയാനുള്ള ബോധമില്ലെന്ന് പറയാതെ പറഞ്ഞ്, ചുരുക്കത്തിൽ സ്ത്രീകളെ തന്നെ അപമാനിക്കുകയാണ് ഈ ട്രെൻ്റ്.

സ്ത്രീകൾ ഫുട്ബോൾ ജേഴ്സി ധരിക്കുമ്പോഴും, കാറോടിക്കുമ്പോഴും, ഇതിനെക്കുറിച്ചൊന്നും വലിയ ധാരണയില്ല, എല്ലാം ഷോ ഓഫാണെന്ന തരത്തിലുള്ള നിരവധി മീമുകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇതേ തരത്തിൽ നെയിൽ പോളിഷും, മേക്ക്അപ്പും ധരിക്കുന്ന പുരുഷൻമാരെ കാണുമ്പോഴും സോഷ്യൽ മീഡിയയിൽ പല‍ർക്കും സഹിക്കാൻ കഴിയാറില്ല. പറഞ്ഞുവരുന്നത് ഇത്രയേ ഉള്ളൂ. ലോകം ജെൻഡറനുസരിച്ച് എല്ലാവർക്കും ചിലത് കൽപ്പിച്ച് നൽകിയിട്ടുണ്ട്. ഇതിന് വിപരീതമായി പ്രവർത്തിക്കുന്നവരെല്ലാം ലോകത്തിൻ്റെ കണ്ണിൽ മോശക്കാരായിരിക്കും. ഫേക്ക് ആയിരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com