

ജൂബിലിഹിൽസ്: ഹൈദരാബാദിൽ ഉപതെരഞ്ഞെടുപ്പിനിടെ യോയോ ടിവിയുടെ ചാനൽ ചർച്ചയ്ക്കിടെ ഉണ്ടായ ഒരു രസികൻ സംഭവത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ബിജെപി, കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള വാക്കേറ്റവും പിന്നീടുള്ള കയ്യാങ്കളിയുമാണ് വൈറലാകുന്നത്.
മാധ്യമ പ്രവർത്തകനായ മുഹമ്മദ് സുബൈറാണ് ഈ വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. തെലുങ്കിലായതിനാൽ ചർച്ച എന്തിനെ കുറിച്ചാണ് എന്നത് വ്യക്തമല്ലെങ്കിലും പൊരിഞ്ഞ അടിയാണ് വാർത്താ ചാനലിനുള്ളിൽ നടന്നതെന്ന് വ്യക്തമാണ്.
കോൺഗ്രസ് നേതാവ് ചർച്ചയ്ക്കിടെ ഡസ്ക്കിൽ ശക്തമായി ഇടിച്ചതാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്. പിന്നാലെ ബിജെപി നേതാവ് എണീറ്റുവന്ന് കോൺഗ്രസ് നേതാവിനെ തള്ളിയിടുകയായിരുന്നു. പിന്നീട് എണീറ്റുവന്ന കോൺഗ്രസുകാരൻ വലിയ കോപത്തോടെ ബിജെപി നേതാവിനെ തിരിച്ചുതല്ലുന്നതും മറ്റു പാനലിസ്റ്റുകളുടെ കസേരകൾക്ക് പിന്നിലൂടെ മറിച്ചിടുന്നതും വീഡിയോയിൽ കാണാം.
ചർച്ച വഴിമാറി സംഘർഷത്തിലേക്ക് നീങ്ങുന്നതിനിടെ മീഡിയേറ്ററായി ഇരുന്നിരുന്ന ജേണലിസ്റ്റ് തലയിൽ കൈവച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചാനലുകാർ ഇടപെട്ട് ഇരുവരേയും പിടിച്ചുമാറ്റുന്നതോടെ വീഡിയോ അവസാനിക്കുകയാണ്. അടി പൊലീസ് കേസായിട്ടില്ലെന്നാണ് വിവരം.