ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മൂന്ന് ക്യാപ്റ്റന്‍മാരുടെ തൊപ്പി തെറിക്കും

ഈ മാസം അവസാനം സീസണ്‍ കഴിയുന്നതോടെ ഇവര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായേക്കാം
ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മൂന്ന് ക്യാപ്റ്റന്‍മാരുടെ തൊപ്പി തെറിക്കും
Image:X
Published on
Updated on

ന്യൂഡല്‍ഹി: ഈ ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോഴേക്ക് മൂന്ന് ക്യാപ്റ്റന്‍മാര്‍ക്കെങ്കിലും സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായി. സീസണിലെ ടീമുകളുടെ മോശം പ്രകടനത്തിന് ക്യാപ്റ്റന്മാര്‍ മറുപടി പറയേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്ഷര്‍ പട്ടേല്‍, അജിങ്ക്യ രാഹനെ, ഋഷഭ് പന്ത് എന്നിവരുടെ സ്ഥാനമാണ് തുലാസിലായത്. രണ്ട് സീസണുകളില്‍ തുടര്‍ച്ചയായി ടീമിനെ നയിച്ചെങ്കിലും പ്ലേഓഫില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നതാണ് പ്രധാന വിമര്‍ശനം. ഈ മാസം അവസാനം സീസണ്‍ കഴിയുന്നതോടെ ഇവര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായേക്കാം.

നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മാത്രമാണ് ഔദ്യോഗികമായി പുറത്തായിരിക്കുന്നത്. തുടര്‍ച്ചയായ രണ്ട് സീസണുകളിലെ മോശം പ്രകടനത്തോടെ ഈ തിരിച്ചടിയുടെ പ്രധാന ഉത്തരവാദിത്തം പന്തിനായിരിക്കും. നിലവിലെ സാഹചര്യത്തില്‍, രഹാനെ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും അക്ഷര്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനും ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ല.

ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മൂന്ന് ക്യാപ്റ്റന്‍മാരുടെ തൊപ്പി തെറിക്കും
"തോൽവിയിലും ടീം സ്കോറിൽ തൃപ്തൻ"; തോൽവിക്ക് പിന്നാലെ കെകെആർ പരിശീലകൻ അഭിഷേക് നായർ

ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രമല്ല, ടീം അംഗം എന്ന നിലയിലും ഏറ്റവും മോശം പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേലിന്റേത്. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് ആകെ സമ്പാദ്യം 100 റണ്‍സ്. ഇതില്‍ 56 റണ്‍സ് ഒരു ഇന്നിങ്‌സില്‍ നേടിയതാണ്. ബാക്കി എട്ട് ഇന്നിങ്‌സില്‍ നിന്ന് ആകെ നേടിയത് വെറും 44 റണ്‍സ്.

12 മത്സരങ്ങളില്‍ അക്ഷര്‍ ആകെ എറിഞ്ഞത് 36 ഓവറുകള്‍ മാത്രമാണ്. അതായത് ഒരു മത്സരത്തില്‍ കൃത്യം മൂന്ന് ഓവര്‍ വീതം. 8.08 എന്ന ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. സഹ സ്പിന്നര്‍ കുല്‍ദീപ് യാദവിന് കിട്ടിയ പ്രഹരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഇക്കോണമി റേറ്റ് ഭേദപ്പെട്ടതാണെന്ന് തോന്നാമെങ്കിലും, പലപ്പോഴും അക്ഷര്‍ സ്വയം ബൗളിങ്ങില്‍ നിന്ന് വിട്ടുനിന്നതായി കാണാം.

ജെ.എസ്.ഡബ്ല്യു, ജി.എം.ആര്‍ എന്നീ കമ്പനികള്‍ക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ തുല്യ അവകാശമാണുള്ളത്. ഓരോ സീസണിലും മാറിമാറിയാണ് ഇവര്‍ ടീം മാനേജ്മെന്റ് ചുമതല വഹിക്കുന്നത്. അടുത്ത സീസണില്‍ പാര്‍ത്ഥ് ജിന്‍ഡാലും ജെ.എസ്.ഡബ്ല്യുവും ക്രിക്കറ്റ് ഓപ്പറേഷന്‍സിന്റെ ചുമതല ഏറ്റെടുക്കും. ചുമതലേയറ്റെടുത്ത ശേഷം പാര്‍ത്ഥ് ജിന്‍ഡാലിന്റെ ആദ്യത്തെ നടപടി അക്ഷറിനെ സ്ഥാനത്തു നിന്ന് മാറ്റുന്നതായിരിക്കും എന്നാണ് മാനേജ്‌മെന്റുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മൂന്ന് ക്യാപ്റ്റന്‍മാരുടെ തൊപ്പി തെറിക്കും
കോഹ്‌ലി പോലും ഞെട്ടി! ഐപിഎല്ലിലെ ക്യാച്ച് ഓഫ് ദി സീസണുമായി കാെൽക്കത്ത താരം

ഋഷഭ് പന്തിന്റെ അവസ്ഥയും മറിച്ചല്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ പന്തിന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലെന്നത് പരസ്യമായ രഹസ്യമാണ്. പല പൊസിഷനില്‍ ബാറ്റ് ചെയ്തിട്ടും പന്തിന് തിളങ്ങാനായിരുന്നില്ല. പ്രതീക്ഷയുടേയും സമ്മര്‍ദത്തിന്റേയും മുഴുവന്‍ ഭാരവും ഒറ്റയ്ക്ക് ചുമന്ന് തളര്‍ന്ന ക്യാപ്റ്റനെയാണ് ആരാധകര്‍ കണ്ടത്. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് ആറ് സിക്‌സുകളാണ്.

അജിങ്ക്യ രഹാനെയുടെ കാര്യം അല്‍പം വ്യത്യസ്തമാണ്. ടീമില്‍ മികച്ച നായകന്മാരില്ലാത്ത സാഹചര്യത്തിലാണ് രാഹാനെയെ ക്യാപ്റ്റനായി നിയമിക്കുന്നത്. മുന്‍ മുംബൈ ടീം അംഗം അഭിഷേക് നായര്‍ ഹെഡ് കോച്ച് സ്ഥാനത്തുണ്ടായിരുന്നതും ഈ നിയമനത്തിന് സഹായകമായി.

ടി20 ക്രിക്കറ്റില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററില്‍ നിന്ന് പ്രതീക്ഷിക്കുന്ന വേഗതയില്‍ റണ്‍സ് കണ്ടെത്താന്‍ രഹാനെയ്‌ക്കോ അഭിഷേക് നായരുടെ ശിഷ്യനായ അംഗകൃഷ് രഘുവംശിക്കും സാധിച്ചില്ല. രഘുവംശി 139-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 340 റണ്‍സ് നേടിയപ്പോള്‍, ക്യാപ്റ്റന്‍ രഹാനെക്ക് 133 സ്‌ട്രൈക്ക് റേറ്റില്‍ 237 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇരുവരും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തത് മിക്ക മത്സരങ്ങളിലും ടീമിന്റെ റണ്‍റേറ്റിന്റെ വേഗത കുറയാന്‍ കാരണമായി.

11 മത്സരങ്ങളില്‍ നിന്ന് ഇരുവരും കൂടി ആകെ നേടിയത് 25 സിക്‌സറുകള്‍ മാത്രമാണ്. അതായത് ഒരു മത്സരത്തില്‍ ശരാശരി രണ്ട് സിക്‌സറുകള്‍ മാത്രം. സീസണിന്റെ തുടക്കത്തില്‍ തന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, ആളുകള്‍ക്ക് തന്നോട് അസൂയയാണെന്നായിരുന്നു രഹാനെയുടെ മറുപടി. എന്നാല്‍ 37-ാം വയസ്സില്‍, മാറിക്കൊണ്ടിരിക്കുന്ന ടി20 ക്രിക്കറ്റിന്റെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാന്‍ തനിക്ക് സാധിക്കുമോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.

അക്ഷര്‍ പട്ടേലിനും ഋഷഭ് പന്തിനും കളിക്കാര്‍ എന്ന നിലയില്‍ ഇനിയും ആവശ്യക്കാരുണ്ടാകും. എന്നാല്‍ അടുത്ത മിനി ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും രഹാനെയില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാന്‍ സാധ്യതയില്ല. ഇനി കെകെആര്‍ തന്നെ അസാധാരണമായ തീരുമാനത്തിലൂടെ ഒരു സീസണിലേക്ക് കൂടി അദ്ദേഹത്തെ നിലനിര്‍ത്തിയാല്‍ മാത്രമേ അതിന് മാറ്റമുണ്ടാകൂ.

News Malayalam 24x7
newsmalayalam.com