

റായ്‌പൂർ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ തോറ്റെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ 192/4 എന്ന സ്‌കോറിൽ തൃപ്തനാണെന്ന് കെകെആറിൻ്റെ മുഖ്യ പരിശീലകൻ അഭിഷേക് നായർ. മത്സരത്തിൽ ടീം പരാജയപ്പെട്ടെങ്കിലും ടീമിൻ്റെ പ്രകടനത്തിൽ സന്തോഷവാനാണെന്നും അദ്ദേഹം അറിയിച്ചു. വിരാട് കോഹ്‌ലിയുടെ സീസണിലെ ആദ്യ സെഞ്ച്വറിയുടെ ബലത്തിലാണ് ആർസിബി അനായാസ ജയം സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായിരുന്നെങ്കിലും യാതൊരു സമ്മർദ്ദവുമില്ലാതെയാണ് അവർ വിജയിച്ചത്.
"റായ്‌പൂരിലേത് വളരെ നല്ലൊരു പിച്ചായിരുന്നു. മഴ പെയ്യുമ്പോൾ ബോൾ സ്വിങ് ചെയ്യുമെന്നും സീം ചെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എങ്കിലും ജിയക്കാൻ വേണ്ടത്ര റൺസ് ഞങ്ങൾ നേടിയിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. 180നും 200നും ഇടയിൽ ടീം സ്കോർ വരികയാണെങ്കിൽ തന്നെ അതൊരു മികച്ച സ്കോറാകും എന്നാണ് ഞങ്ങൾ കരുതിയിരുന്നത്," അഭിഷേക് പറഞ്ഞു.
മികച്ച ഫോമിലായിരുന്ന വിരാട് കോഹ്‌ലിയേയും ദേവ്ദത്ത് പടിക്കലിനേയും പോലെയുള്ള താരങ്ങൾക്കെതിരെ ലഭിച്ച അവസരങ്ങൾ കൃത്യമായി ഉപയോഗിക്കാൻ കഴിയാത്തത് കൊണ്ടാണ് മത്സരം കൈവിട്ട് പോയതെന്ന് മുൻ മുംബൈ താരം കൂടിയായ അഭിഷേക് നായർ കൂട്ടിചേർത്തു.
പ്ലേ ഓഫ് സാധ്യത നിലനിർത്തിയ നാല് വിജയങ്ങൾക്ക് ശേഷം കെകെആർ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. ടൂർണമെൻ്റിൽ ഉടനീളം ഒരു സുരക്ഷിതമായ അന്തരീക്ഷം നിലനിർത്തുന്നതാണ് ടീമിൻ്റെ പുരോഗതിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
"സീസണിൻ്റെ തുടക്കം മുതൽ ഞങ്ങൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാനാണ് ശ്രമിച്ചത്. ഐപിഎൽ പോലെയുള്ള ഒരു വേദിയിൽ ഇത്രയും ബഹളങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ഇടയിൽ നല്ലൊരു ടീം അന്തരീക്ഷം നിലനിർത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ളൊരു കാര്യമാണ്. കളിക്കാർക്ക് സുരക്ഷിതത്വം തോന്നിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കാനാണ് ഞങ്ങൾക്ക് ആഗ്രഹം. മത്സര ഫലത്തിൻ്റെ ചിന്തയില്ലാതെ അവർക്ക് കളിക്കാൻ കഴിയണം," അഭിഷേക് നായർ വ്യക്തമാക്കി.
കാലിനേറ്റ പരിക്ക് മൂലം വരുൺ ചക്രവർത്തി ഇല്ലാതെയാണ് കെകെആർ ഇന്നലെ കളത്തിലിറങ്ങിയത്. ചക്രവർത്തിയുടെയും നരെയ്നിൻ്റെയും കൂട്ടുകെട്ട് മധ്യ ഓവറുകളിൽ മിസ് ചെയ്യുന്നുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. "സുനിൽ നരെയ്ൻ്റേയും വരുണിൻ്റേയും കൂട്ടുകെട്ടിൽ ടീം നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്ന് എല്ലാവർക്കും അറിയാം. വരുൺ ചക്രവർത്തിയുടെ അഭാവം ടീമിനെ ബാധിക്കും. വരുണിന് പകരക്കാരനെ കണ്ടെത്തുന്നത് വളരെ പ്രയാസകരമാണ്," പരിശീലകൻ കൂട്ടിച്ചേർത്തു.