

ധരംശാല: മുംബൈ ഇന്ത്യൻസ് താരം തിലക് വർമക്കെതിരെ പഞ്ചാബ് പേസറായ അർഷ്ദീപ് സിങ് നടത്തിയ പരാമർശം വിവാദത്തിലേക്ക്. വ്യാഴാഴ്ച്ച നടന്ന മുംബൈ-പഞ്ചാബ് മത്സരത്തിന് മുന്നോടിയായി പുറത്ത് വന്നൊരു വീഡിയോയിൽ തിലകിനെ "ഓയ് അന്ധേരേ" (ഹേയ് ഇരുട്ടേ) എന്ന് അർഷ്ദീപ് വിളിക്കുന്നത് കേൾക്കാം. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനം ഉയർന്നത്.
അർഷ്ദീപിൻ്റെ ഈ പ്രയോഗം വംശീയ അധിക്ഷേപമാണെന്ന് ഒരു പക്ഷം ആരാധകർ ചൂണ്ടിക്കാട്ടി. അർഷ്ദീപും തിലകും അടുത്ത സുഹൃത്തുക്കളാണെങ്കെലും ഇത്തരം വാക്കുകളുപയോഗിക്കുന്നത് ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്.
വിവാദങ്ങൾക്കിടയിലും ധരംശാലയിലെ കളിക്കളത്തിൽ ബാറ്റുകൊണ്ട് മറുപടി നൽകിയ തിലക് വർമയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിന് വിജയം സ്വന്തമാക്കി. പഞ്ചാബ് ഉയർത്തിയ 201 എന്ന വിജയലക്ഷ്യത്തെ 1 പന്ത് ബാക്കി നിൽക്കെയാണ് മുംബൈ മറികടന്നത്. തിലക് വർമ 35 പന്തിൽ 75 റൺസും വിൽ ജാക്‌സ് 10 പന്തിൽ 25 റൺസും റയാൻ റിക്കൽട്ടൻ 23 പന്തിൽ 48 റൺസും മുംബൈക്കായി നേടി. ഇതോടെ പഞ്ചാബ് കിങ്സ് തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി. 13 പോയിൻ്റുമായി തുടരുന്ന പഞ്ചാബിൻ്റെ പ്ലേ ഓഫ് സാധ്യതകൾക്കുമേൽ ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും ഇപ്പോൾ ഭീഷണിയുയർത്തുന്നുണ്ട്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പ്രഭ്സിമ്രാന്റെ അർധസെഞ്ചുറിയുടെ കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി റിക്കൽട്ടൻ തകർപ്പൻ തുടക്കം നൽകി. അർഷദീപ് സിങ് ആദ്യ ഓവറിൽ 2 റൺസുമാത്രം വിട്ടുകൊടുത്തു സമ്മർദം ചെലുത്തിയെങ്കിലും പിന്നീട് വന്ന ബൗളർമാരെ മുംബൈ തകർത്തടിച്ചു. 25 പന്തിൽ 26 റൺസ് മാത്രം നേടിയ രോഹിത് ശർമ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ വിൽ ജാക്‌സും തിലക് വർമയും കൂടി അവസാന ഓവറിൽ മത്സരം മുംബൈയുടെ കളത്തിലെത്തിച്ചു. 19-ാം ഓവറിൽ അർഷ്ദീപിനെതിരെ 13 റൺസും അവസാന ഓവറിൽ 19 റൺസും നേടിയാണ് മുംബൈ വിജയം കരസ്ഥമാക്കിയത്.