
അബുദാബി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ നിലംപരിശാക്കി ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 169 വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ബംഗ്ലാദേശ് 127 റണ്‍സില്‍ മുട്ടുമടക്കി. 41 റൺസിനാണ് ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റും നേടി.
ഇന്ത്യയുടെ ജയത്തോടെ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വ്യാഴാഴ്ച നടക്കുന്ന പാകിസ്താന്‍-ബംഗ്ലാദേശ് മത്സരത്തിലെ വിജയിയാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 168 റണ്‍സ് നേടി. ഓപ്പണിങ്ങില്‍ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും മെല്ലെയായിരുന്നു തുടങ്ങിയത്. മൂന്ന് ഓവറില്‍ ആകെ 17 റണ്‍സ് ആയിരുന്നു സമ്പാദ്യം.
എന്നാല്‍, പിന്നെ കളിമാറി. ഇരുവരും ഫോം വീണ്ടെടുത്തതോടെ ഇന്ത്യയുടെ സ്‌കോറും ഉയര്‍ന്നു. നാലാമത്തെ ഓവറില്‍ ഇരുവരും ചേര്‍ന്ന് 21 റണ്‍സാണ് നേടിയത്. അഞ്ച്, ആറ് ഓവറില്‍ 17 റണ്‍സ് വീതം അടിച്ചുവീഴ്ത്തി.
എന്നാല്‍ ഏഴാം ഓവറില്‍ ഗില്ലിന്റെ വിക്കറ്റ് വീണത് ഇന്ത്യക്ക് തിരിച്ചടിയായി. റിഷാദ് ഹുസൈനാണ് ഗില്ലിനെ പുറത്താക്കിയത്. 19 പന്തില്‍ 29 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ എത്തിയ ശിവം ദുബെ (1) പുറത്തായതോടെ ആരാധകര്‍ക്കും ആശങ്കയായി.
ഒരു വശത്ത് അഭിഷേക് ശര്‍മ നിലയുറപ്പിച്ചതായിരുന്നു ആശ്വാസം. മൂന്നാം വിക്കറ്റില്‍ നായകന്‍ സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് അഭിഷേക് ശര്‍മ കൂറ്റനടി തുടര്‍ന്നു. പക്ഷേ, പന്ത്രണ്ടാം ഓവറില്‍ അഭിഷേക് മടങ്ങിയതോടെ ഇന്ത്യന്‍ സൈഡില്‍ വീണ്ടും നിരാശയും ആശങ്കയും.
37 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സറും അടക്കം 75 റണ്‍സാണ് അഭിഷേകിന്റെ സമ്പാദ്യം. സൂര്യകുമാര്‍ യാദവും(5), തിലക് വര്‍മയും(5) നിര്‍ണായക മത്സരത്തില്‍ നിരാശപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമാണ് ഇന്ത്യയെ പിന്നീട് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് റണ്‍സ് 150 കടത്തി. ഹാര്‍ദിക് പാണ്ഡ്യ (38), അക്ഷര്‍ (10) നേടി പുറത്തായി. ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ 168- 6 എന്ന നിലയിലായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യയുടെ ബൗളര്‍മാര്‍ തളച്ചതാണ് ടീമിന്റെ വിജയത്തിലേക്ക് നയിച്ചത്.
ബംഗ്ലാദേശിനു വേണ്ടി സെയ്ഫ് ഹസന്‍ (69) മാത്രമാണ് ഇന്ത്യക്കു മുന്നില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. പര്‍വേസ് ഹസന്‍ ഇമോം (21) ആണ് ബംഗ്ലാദേശ് ടീമില്‍ രണ്ടക്കം കടന്ന രണ്ടാമന്‍. ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവ് 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്ഷര്‍ പട്ടേലും തിലക് വര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.