'ഫൈനലിൽ ഇന്ത്യ വരട്ടെ, ഞങ്ങൾ തോൽപ്പിച്ചിരിക്കും'; ആത്മവിശ്വാസത്തില്‍ പാക് താരം

ഫൈനലില്‍ എത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അഫ്രീദി ഇന്ത്യയാണ് ഫൈനലില്‍ വരുന്നതെങ്കില്‍ തോല്‍പ്പിക്കുമെന്നും ഉറച്ചു വിശ്വസിക്കുന്നു
Image: Facebook
Image: Facebook
Published on

ദുബായ്: ഏഷ്യ കപ്പില്‍ ഞായറാഴ്ച നടന്ന ഇന്ത്യ-പാക് മത്സരത്തില്‍ പാകിസ്ഥാന്‍ താരങ്ങളായ ഹാരിസ് റൗഫ്, സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവര്‍ നടത്തിയ 'വെടിവെപ്പ്' സെലിബ്രേഷനില്‍ വിവാദം അവസാനിക്കുന്നില്ല. ഇന്ത്യക്കെതിരെ അര്‍ധ സെഞ്ച്വറി തികച്ചതിനു പിന്നാലെയായിരുന്നു സാഹിബ്‌സാദ ഗ്യാലറിയിലേക്ക് ബാറ്റ് ഉയര്‍ത്തി വെടിവെക്കുന്ന രീതിയില്‍ ആഘോഷിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍, ആളുകള്‍ ഇതിനെ എങ്ങനെ എടുക്കുമെന്നത് തനിക്ക് പ്രശ്‌നമല്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. എവിടെ കളിച്ചാലും അക്രമണാത്മക ക്രിക്കറ്റ് കളിക്കണം. അതിന് എതിരാളികള്‍ ഇന്ത്യ തന്നെ ആകണമെന്നുമില്ലെന്നും സാഹിബ്‌സാദ പറഞ്ഞിരുന്നു.

ബംഗ്ലാദേശിനെതിരായ മത്സരത്തിനു ശേഷം പാക് പേസര്‍ ഷഹീന്‍ അഫ്രീദിയോട് സാഹിബ്‌സാദയുടെ സെലിബ്രേഷനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വ്യത്യസ്തമായിരുന്നു പ്രതികരണം. ഗ്രൗണ്ടിലെ ആഘോഷങ്ങളിലല്ല, ക്രിക്കറ്റിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നായിരുന്നു അഫ്രീദിയുടെ പ്രതികരണം.

Image: Facebook
"വെടിവയ്പ് സെലിബ്രേഷനെ കുറിച്ച് ആൾക്കാർ എന്ത് ചിന്തിക്കുമെന്നത് എനിക്ക് പ്രശ്നമല്ല"; വിവാദങ്ങളോട് പ്രതികരിച്ച് സാഹിബ്‌സാദ ഫർഹാൻ

'ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കലാണ്. എല്ലാവര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രതികരിക്കാന്‍ അവകാശമുണ്ട്. എല്ലാവരും അവരുടേതായ രീതിയിലാണ് ചിന്തിക്കുന്നത്. പക്ഷെ, ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നതാണ്. ഏഷ്യാ കപ്പ് ജയിക്കാനാണ് ഞങ്ങളിവിടെ വന്നത്. ദൈവം അനുഗ്രഹിച്ചാല്‍ ഞങ്ങള്‍ ജയിക്കും. ടീം എന്ന നിലയില്‍ ഞങ്ങള്‍ പരമാവധി ചെയ്യുന്നുണ്ട്'. എന്നുമായിരുന്നു പ്രതികരണം.

പാകിസ്ഥാൻ ഫൈനലില്‍ എത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അഫ്രീദി ഇന്ത്യയാണ് ഫൈനലില്‍ വരുന്നതെങ്കില്‍ തോല്‍പ്പിക്കുമെന്നും ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യ ഇതുവരെ ഫൈനലില്‍ എത്തിയിട്ടില്ല. ഞങ്ങളിവിടെ വന്നത് ഫൈനല്‍ ജയിച്ച് കപ്പുമായി മടങ്ങാനാണ്. ഫൈനലില്‍ ആര് വന്നാലും അവരെ പരാജയപ്പെടുത്തുമെന്നും അഫ്രീദി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com