ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ ബൗളിംഗിലൂടെ തളച്ച് പാകിസ്ഥാൻ. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 133 റൺസിന് ഓൾ ഔട്ട് ആയി. മൂന്ന് വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രീദി, രണ്ട് പേരെ വീതം പുറത്താക്കിയ ഹുസൈന്‍ താലാത്, ഹാരിസ് റൗഫ് എന്നിവരാണ് ലങ്കയെ എറിഞ്ഞിട്ടത്. 44 പന്തില്‍ 50 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
കളി തുടങ്ങി രണ്ടാം പന്തിൽ ലങ്കയുടെ ആദ്യ വിക്കറ്റ് വീണു. കുശാല്‍ മെന്‍ഡിസ് പൂജ്യത്തിന് പുറത്തായി. പിന്നീട് അഫ്രീദിക്കെതിരെ വലിയ ഷോട്ടിന് ശ്രമിച്ച നിസ്സങ്കയും പുറത്തേക്ക്. കുശാല്‍ പെരേര (15), ചരിത് അസലങ്ക (20), ദസുന്‍ ഷനക (0) എന്നിവര്‍ക്കും പാക് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ അഞ്ചിന് 58 എന്ന നിലയിലായി ലങ്ക.
പിന്നാലെ വാനിന്ദു ഹസരങ്കയെ (15) അബ്രാര്‍ അഹമ്മദ് ബൗള്‍ഡാക്കി. ഇതോടെ ആറിന് 80 എന്ന നിലയിലായി. കരുണാരത്‌നെ - മെന്‍ഡിസ് സഖ്യം 43 റണ്‍സ് കൂട്ടിച്ചേർത്താണ് നില മെച്ചപ്പെടുത്തിയത്. 19 -ാം ഓവറിൽ മെഡിൻസും മടങ്ങി. ദുഷ്മന്ത ചമീര (1)യും പുറത്തായി. റൺസ് നേടാതെ മഹീഷ് തീക്ഷണ പുറത്താകാതെ നിന്നു. അവസാന ഓവറില്‍ എട്ട് റണ്‍സാണ് ലങ്ക നേടിയത്.
ഇന്ത്യക്കെതിരെ കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ശ്രീലങ്ക രണ്ട് മാറ്റം വരുത്തി. ചാമിക കരുണാരത്‌നെ, മഹീഷ് തീക്ഷണ എന്നിവര്‍ ടീമിലെത്തി. ഈ മത്സരത്തില്‍ പരാജയപ്പെടുന്നവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകാനാണ് സാധ്യത.