
സിഡ്നി: ഒക്ടോബർ, നവംബർ മാസങ്ങളിലായി ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന, ടി20 ദ്വിരാഷ്ട്ര പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇരു വിഭാഗത്തിലും ഓസ്ട്രേലിയൻ പേസർ മിച്ചെൽ സ്റ്റാർക്ക് ടീമിൽ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.
പരിക്കേറ്റ പാറ്റ് കമ്മിൻസിന് പകരം മിച്ചെൽ മാർഷ് ആകും ഓസീസിനെ നയിക്കുക. നട്ടെല്ലിന് വേദനയനുഭവപ്പെട്ടതിനെ തുടർന്ന് വിശ്രമത്തിലാണ് കമ്മിൻസ്. ഇനി ആഷസ് പരമ്പരയിൽ മാത്രമെ കമ്മിൻസ് തിരിച്ചെത്താനിടയുള്ളൂ.
കരുത്തരായ ഇന്ത്യയെ നേരിടാനുള്ള ഓസീസ് ടീമിൽ നാല് സുപ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മിച്ചെൽ സ്റ്റാർക്കിന് പുറമെ, മാത്യു റെൻഷാ, മാറ്റ് ഷോർട്ട്, മിച്ച് ഓവൻ എന്നിവരാണ് പുതുതായി ടീമിലിടം നേടിയത്.
ഒക്ടോബർ 29നാണ് ഓസീസ് പര്യടനത്തിലെ ടി20 മത്സരങ്ങൾ ആരംഭിക്കുന്നത്. ടി20 ടീമിൽ നിന്ന് അലക്സ് കാരിയെ പുറത്താക്കിയപ്പോൾ, കണങ്കാലിലെ പരിക്കിൽ നിന്ന് മുക്തനായ ജോഷ് ഇംഗ്ലിസ് തിരിച്ചെത്തി. മകൻ്റെ ജനനവുമായി ബന്ധപ്പെട്ട് അവധിയിലായിരുന്ന നഥാൻ എല്ലിസും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഏകദിനം
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്ലെറ്റ്, അലക്സ് കാരി, കൂപ്പർ കോണോളി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
ടി20
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ അബോട്ട്, സേവ്യർ ബാർട്ട്ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുഹ്നെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.