
ഡൽഹി: രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നീക്കി ബിസിസിഐ ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. ഇതിനോടകം ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച രോഹിത്തിനെ ഏകദിനത്തിലെ നായകസ്ഥാനത്ത് നിന്നും നീക്കി എല്ലാ ഫോർമാറ്റിലും ഒരു ക്യാപ്റ്റൻ എന്ന പോളിസി നടപ്പാക്കാനാണ് ബിസിസിഐയുടെ ശ്രമമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൻ്റെ ഭാഗമായാണ് രോഹിത്തിനെ തഴഞ്ഞ് ഗില്ലിനെ നായകനാക്കിയത്.
എന്നാൽ, തൻ്റെ പദവി ശുഭ്മാൻ ഗിൽ വൈകാതെ തട്ടിയെടുക്കുമെന്ന് രോഹിത് ശർമ 2012ൽ തന്നെ പ്രവചിച്ചിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ചിലർ. ഇതിന് തെളിവായി 2012 സെപ്റ്റംബർ 14ലെ ഒരു ട്വീറ്റും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്. രോഹിത്തിൻ്റെയും ഗില്ലിൻ്റെയും ജേഴ്സി നമ്പറുകൾ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യൻ ആരാധകരിൽ ചിലർ ഈ വാദമുയർത്തുന്നത്.
"ഒരു യുഗത്തിൻ്റെ അന്ത്യം (45) ഒപ്പം പുതിയതിൻ്റെ തുടക്കവും (77)..." എന്ന രോഹിത്തിൻ്റെ ട്വീറ്റാണ് ഇവിടെ ചർച്ചാ വിഷയം. രോഹിത്തിൻ്റെ ജഴ്സി നമ്പർ 45 ആരാധകർക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്. 77 എന്ന ശുഭ്മാൻ ഗില്ലിൻ്റെ ജേഴ്സി നമ്പറുമാണ്. ഇതോടെ 2025ൽ ഗില്ലിന് ക്യാപ്റ്റൻസി സ്ഥാനം കൈമാറുമെന്ന സൂചനയാണ് രോഹിത് പങ്കുവച്ചതെന്നാണ് ആരാധകരിൽ ചിലർ വാദിച്ചത്.
എന്നാൽ, വിശദമായ പരിശോധനയിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞു. 2012ൽ ജേഴ്സി നമ്പർ മാറ്റാൻ രോഹിത് ശർമ ശ്രമിച്ചിരുന്നു. താരത്തിൻ്റെ ഇഷ്ട നമ്പറായ 45ൽ നിന്നും 77ലേക്ക് സ്വന്തം ജേഴ്സി നമ്പർ മാറ്റാനാണ് രോഹിത് ആഗ്രഹം പ്രകടിപ്പിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, 2027ലെ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ടാണ് രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയാണ് ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഈ വർഷം ആദ്യം ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നാലെ ഇംഗ്ലണ്ടിനെതിരായ ആദ്യ പരമ്പര 2-2ന് സമനിലയിൽ കലാശിച്ചു. ഏറ്റവുമൊടുവിൽ ഗില്ലിന് കീഴിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 140 റൺസിനും ഇന്ത്യ തകർപ്പൻ ജയം നേടി. കരിയറിൽ ഇതുവരെ 55 ഏകദിനങ്ങൾ കളിച്ച ഗിൽ 2775 റൺസും എട്ട് സെഞ്ച്വറിയും നേടിയിട്ടുണ്ട്.